ടെഹ്റാൻ: പാകിസ്ഥാൻ ഭീകരർ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ . 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ഉൾപ്പെട്ട കശ്മീരിലെ ഭീകരരുടെ വീടുകൾ തകർത്തും പാകിസ്ഥാൻ പൗരന്മാരോട് ഉടൻ മടങ്ങിവരാൻ ആവശ്യപ്പെട്ടും ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നു. സിന്ധു നദീജല കരാർ മരവിപ്പിക്കാനും പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
അതേസമയം ആക്രമണം പാകിസ്ഥാൻ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. മാത്രവുമല്ല, പാശ്ചാത്യർക്കും അമേരിക്കയ്ക്കും വേണ്ടി തങ്ങൾ പല വൃത്തികെട്ട ജോലികളും ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.അതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ പരിഹരിക്കാനുള്ള ശ്രമവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇറാൻ .ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ സഹോദര രാജ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി
ഈ ദുഷ്കരമായ സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇടപെടാൻ ഇറാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.’നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളിൽ വേരൂന്നിയ ബന്ധം ആസ്വദിക്കുന്ന ഇന്ത്യയും പാകിസ്ഥാനും ഇറാൻ്റെ സഹോദര അയൽക്കാരാണ്. മറ്റ് അയൽക്കാരെപ്പോലെ, ഞങ്ങൾ അവരെയും ഞങ്ങളുടെ മുൻഗണനയിൽ എടുത്തിരിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് കൂടുതൽ ധാരണയുണ്ടാക്കാൻ ഇടപെടാൻ ടെഹ്റാൻ തയ്യാറാണ്‘ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ സെയ്ദ് അബ്ബാസ് കുറിച്ചു.

