ന്യൂഡൽഹി : ന്യായമായ വ്യാപാര കരാറിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കർഷകരുടെയും സംരംഭകരുടെയും എംഎസ്എംഇകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാകും പരമപ്രധാന പരിഗണനയെന്നും കേന്ദ്രസർക്കാർ . ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ഈ പ്രഖ്യാപനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഒരു സമ്മർദ്ദത്തിനും വഴങ്ങേണ്ട ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയുമായി ചർച്ചകൾ നടന്നുവരികയാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ കർഷകരുടെയും സംരംഭകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എംഎസ്എംഇ) താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. . ഇതോടൊപ്പം, ബ്രിട്ടനുമായുള്ള സമീപകാല സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ കാണുന്നതുപോലെ, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി.ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25 ശതമാനം താരിഫ് നൽകേണ്ടിവരുമെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചത് .
‘ഇന്ത്യ ഞങ്ങളുടെ സുഹൃത്താണ്, പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുമായി താരതമ്യേന കുറച്ച് വ്യാപാരം മാത്രമേ ഞങ്ങൾ നടത്തിയിട്ടുള്ളൂ, കാരണം അവരുടെ താരിഫുകൾ വളരെ ഉയർന്നതാണ്, ലോകത്തിലെ ഏറ്റവും ഉയർന്നത്. അതുകൊണ്ടാണ് ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25 ശതമാനം താരിഫ് നൽകേണ്ടിവരുന്നത്.’ എന്നാണ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

