ന്യൂഡൽഹി : റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച മലയാളിയുടെ മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം .തൃശൂർ കുട്ടനെല്ലൂർ സ്വദേശി കരുണ ലെയ്നിൽ ബിനിൽ (32) മരിച്ചതായും , ഒപ്പമുണ്ടായിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന് കുര്യന് (27) പരുക്കേറ്റ് മോസ്കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
മോസ്കോയിലെ എംബസി മൃതദേഹം കൊണ്ടുപോകാനും പരിക്കേറ്റയാളെ ഇന്ത്യയിലെത്തിക്കാനും ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മാത്രമല്ല റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
‘മോസ്കോയിലെ റഷ്യൻ അധികൃതരുമായും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയുമായും വിഷയം ചർച്ച ചെയ്തു. റഷ്യൻ സൈന്യത്തിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം മടക്കി അയക്കണമെന്ന ആവശ്യം ഞങ്ങൾ ആവർത്തിച്ചു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.