ഇന്നും, തലമുറകളായി രാഷ്ട്രത്തെ സേവിക്കുന്നതിനായി സമർപ്പിതരായ നിരവധി കുടുംബങ്ങൾ രാജ്യത്തുണ്ട്. സ്പർശ് ഛേത്രിയുടെ കുടുംബം അതിലൊന്നാണ്. നാല് തലമുറ പഴക്കമുള്ള അഭിമാനകരമായ സൈനിക പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് സ്പർശ് ഛേത്രി ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്.
ഗയയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനത്തിനിടെ, ബറ്റാലിയൻ അണ്ടർ ഓഫീസർ എന്ന പ്രധാന സ്ഥാനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു . ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിനായി മൾട്ടിനാഷണൽ കമ്പനിയിലെ സീനിയർ ഡാറ്റ അനലിസ്റ്റ് ജോലിയാണ് സ്പർശ് ഉപേക്ഷിച്ചത്.
സ്പർശ് ഛേത്രിയുടെ മുതുമുത്തച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചു. മുത്തച്ഛനും അച്ഛനും കാലാൾപ്പട ഓഫീസർമാരായി അദ്ദേഹത്തെ പിന്തുടർന്നു. അമ്മ ആർമി വിദ്യാഭ്യാസ കോർപ്സിൽ സേവനമനുഷ്ഠിച്ചു. സ്പർശിന്, രാഷ്ട്രസേവനം കുട്ടിക്കാലം മുതൽ ഒരു ജീവിതരീതിയായിരുന്നു.
ഥാപ്പർ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം, മുൻനിര മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ ഡാറ്റ അനലിസ്റ്റായി സ്പർശിന് ജോലി ലഭിച്ചു. എന്നാൽ കോർപ്പറേറ്റ് കരിയറിന് അപ്പുറമായിരുന്നു , രാഷ്ട്രത്തെ സേവിക്കാനുള്ള സ്പർശിന്റെ അഭിനിവേശം. ഒടുവിൽ, തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ അദ്ദേഹം കോർപ്പറേറ്റ് മേഖല ഉപേക്ഷിച്ചു. ഇന്ത്യൻ ആർമിയുടെ ആർമി ട്രെയിനിംഗ് കമാൻഡ് സ്പർശ് ഛേത്രിയുടെ വിജയഗാഥ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.

