ന്യൂഡൽഹി : ഷാങ്ഹായ് ഉച്ചകോടി ചൈനയിലെ ക്വിങ്ദാവോ നഗരത്തിൽ എത്തി പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ഭീകരതയ്ക്കെതിരെ ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഈ വേദിയിൽ നിന്ന് അദ്ദേഹം പാകിസ്ഥാനും, ചൈനയ്ക്കും മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിനെ പരാമർശിച്ചായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രസ്താവന .
‘ നിരപരാധികളുടെ രക്തം ചിന്തുന്നവരെ വെറുതെ വിടില്ല . ചില രാജ്യങ്ങൾ ഭീകരതയെ പിന്തുണയ്ക്കുകയും അതിർത്തി കടന്നുള്ള ഭീകരതയെ അവരുടെ നയത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട് . ഏപ്രിൽ 22 ന് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന ഭീകര സംഘടന ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ നിരപരാധികളായ വിനോദസഞ്ചാരികളെയാണ് കൊലപ്പെടുത്തിയത് . ഈ സംഘടനയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയിൽ ഉൾപ്പെട്ട ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ട്.
തീവ്രവാദം ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് . സമാധാനവും ഭീകരതയും ഒരുമിച്ച് പോകില്ല. ഇതിനായി നിർണായക നടപടി ആവശ്യമാണ് . എല്ലാ എസ്സിഒ രാജ്യങ്ങളോടും ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും ‘ അദ്ദേഹം ആഹ്വാനം ചെയ്തു.
തീവ്രവാദികൾക്ക് അഭയം നൽകുകയും അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ഇനി അനുവദിക്കാനാവില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമായി പറഞ്ഞു. എസ്സിഒ അത്തരം രാജ്യങ്ങളെ പരസ്യമായി വിമർശിക്കുകയും തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എത്ര വലിയ രാജ്യമായാലും ഒറ്റയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരും സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും ഒരുമിച്ച് പ്രവർത്തിക്കണം. ഇത് ഇന്ത്യയുടെ പുരാതന ചിന്താഗതിയായ ‘സർവേ ജന സുഖിനോ ഭവന്തു’ പ്രതിഫലിപ്പിക്കുന്നു ‘ – അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്നാഥ് സിങ്ങിന്റെ സന്ദർശന വേളയിൽ, ചൈനീസ്, റഷ്യൻ പ്രതിരോധ മന്ത്രിമാരുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകളും നടക്കുമെന്ന് സൂചനയുണ്ട്. 2020 മെയ് മാസത്തിൽ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിനുശേഷം പ്രതിരോധ മന്ത്രിയുടെ ചൈനയിലേക്കുള്ള ആദ്യ സന്ദർശനമാണിത് .
രാജ്നാഥ് സിംഗ് ക്വിംഗ്ദാവോയിൽ എത്തിയപ്പോൾ, ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്ത് , ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ എന്നിവരാണ് രാജ്നാഥ് സിങ്ങിനെ നേരിട്ട് സ്വാഗതം ചെയ്തത് . യോഗത്തിന് മുമ്പ് എല്ലാ രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുമായി ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
ചൈനയിൽ എത്തുന്നതിനുമുമ്പ്, രാജ്നാഥ് സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ ആഗോള സമാധാനവും സുരക്ഷയും സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കിടുന്നതിനും തീവ്രവാദത്തിനെതിരെ സംയുക്ത നടപടികൾ സ്വീകരിക്കുന്നതിനായി പ്രവർത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്നു.

