ന്യൂഡൽഹി : ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഇടപെട്ടെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം തള്ളി കോൺഗ്രസ് എം പി ശശി തരൂർ . ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രധാനമന്ത്രി മോദി കീഴടങ്ങിയതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തരൂരിന്റെ പരാമർശം.
‘ ഇന്ത്യയോട് സംഘർഷം നിർത്താൻ ആരും പറയേണ്ട ആവശ്യമില്ല . കാരണം പാകിസ്ഥാൻ നിർത്തുന്ന നിമിഷം തന്നെ ഞങ്ങളും വെടിനിർത്തലിനു തയ്യാറായിരുന്നു. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നാശം നേരിട്ടതിന് പിന്നാലെ സൈനിക നടപടി നിർത്താൻ മേയ് 10 ന് പാകിസ്താൻ തന്നെ ആവശ്യപ്പെടുകയായിരുന്നു .
അമേരിക്കൻ പ്രസിഡന്റ് പദത്തിനോടും ,പ്രസിഡന്റിനോടും ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക്, പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങള്‍ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്ഥാൻ ഭീകരതയുടെ ഭാഷയിൽ സംസാരിച്ചാൽ ഞങ്ങൾ സൈന്യത്തിന്റെ ഭാഷയിൽ മറുപടി നൽകും.
പാകിസ്ഥാന് സംസാരിക്കാൻ കഴിയുന്ന എല്ലാ ഭാഷകളും ഇന്ത്യയ്ക്കും സംസാരിക്കാൻ കഴിയും. നമ്മുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നവരുമായി സംഭാഷണം നടത്തില്ല എന്നതാണ് പ്രശ്നം. ഇന്ത്യയുമായി സാധാരണ ബന്ധം പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാന് ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയുടെ അടിവേരറുക്കാന്‍ നടപടി സ്വീകരിക്കണം. അത്തരത്തിൽ നടപടികൾ സ്വീകരിച്ചാൽ ഇടനിലക്കാരനില്ലാതെ ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാനാകും ‘- ശശി തരൂർ പറഞ്ഞു.

