ബംഗലൂരു: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന കോൺഗ്രസ് യോഗത്തിൽ കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയ ഭൂപടം ഉപയോഗിച്ചുവെന്ന് ആരോപണം. മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ കർണാടകയിലെ ബലെഗാവിയിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടമാണ് വിവാദമാകുന്നത്.
കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി തയ്യാറാക്കിയ ഭൂപടം ഉപയോഗിച്ചതിലൂടെ കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ നിന്ദ കാട്ടിയെന്ന് ബിജെപി ആരോപിച്ചു. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം നടപടികൾ അപമാനകരമാണെന്നും ബിജെപി വ്യക്തമാക്കി.
ഇന്ത്യയെ വിഭജിക്കാൻ കാത്ത് നിൽക്കുന്ന ഛിദ്രശക്തികൾക്ക് ഊർജ്ജം പകരുകയാണ് കോൺഗ്രസെന്ന് ബിജെപി എം പി സുധാംശു ത്രിവേദി ആരോപിച്ചു. കോൺഗ്രസ് പാകിസ്താന്റെ താളത്തിനനുസരിച്ച് തുള്ളുകയാണെന്ന് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
അതേസമയം, അംബേദ്കറെ അപമാനിച്ച അമിത് ഷായുടെ നടപടിക്കെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി പയറ്റുന്ന തന്ത്രങ്ങളാണ് ഇതൊക്കെയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മുൻ നിശ്ചയിച്ചത് പോലെ ഡിസംബർ 26ന് നവസത്യാഗ്രഹ ബൈഠകും 27ന് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലിയും നടക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.