ന്യൂഡൽഹി:ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും . സിവിൽ ഏവിയേഷൻ അധികൃതർ തമ്മിലുള്ള നിരന്തര ചർച്ചകളെത്തുടർന്നാണ് തീരുമാനം. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
ഇതിനായി ഇരു രാജ്യങ്ങളിലെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിലുള്ള സാങ്കേതിക തല ചർച്ചകൾ ഈ വർഷം ആദ്യം മുതൽ നടന്നുവരികയായിരുന്നു.നേരിട്ടുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിലും പുതുക്കിയ വ്യോമ സേവന കരാർ അന്തിമമാക്കുന്നതിലുമായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിയുക്ത വിമാനക്കമ്പനികളെ അനുവദിക്കും.2025 ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഷൂവിലേക്ക് ദിവസേനയുള്ള, നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ നടത്തുന്ന ചൈനയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു.
റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി, ഡൽഹിക്കും ഗ്വാങ്ഷൂവിനും ഇടയിൽ ഇൻഡിഗോ ഉടൻ തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ അവതരിപ്പിക്കും.
അതിർത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തത്തിനുമുള്ള വഴികൾ പുനഃസ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നീക്കം സഹായിമെന്നാണ് സൂചന . ഈ വിമാന സർവീസുകൾക്കായി ഇൻഡിഗോ തങ്ങളുടെ എയർബസ് എ320 നിയോ വിമാനങ്ങൾ ഉപയോഗിക്കും.ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ നാല് വർഷത്തിലേറെയായി നിർത്തിവച്ചിരുന്നു, ഇത് ബിസിനസ്സ്, ടൂറിസം, അക്കാദമിക് വിനിമയങ്ങളെയടക്കം തടസ്സപ്പെടുത്തിയിരുന്നു.

