വാഷിംഗ്ടൺ ; സൈനികരേഖകളും, രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജൻ ആഷ്ലി ടെല്ലിസിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ചൈനീസ് ഉദ്യോഗസ്ഥരെ ആഷ്ലി രഹസ്യമായി സന്ദർശിച്ചതായും എഫ് ബി ഐ പറയുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി യുഎസ് സർക്കാരിനൊപ്പം ഉപദേശകനായി പ്രവർത്തിച്ച ടെല്ലിസിന്റെ വീട്ടിൽ 1,000 പേജിലധികം അതീവ രഹസ്യമായ രേഖകൾ സൂക്ഷിച്ചതായി കണ്ടെത്തിയതായി എഫ് ബി ഐ സത്യവാങ്മൂലത്തിൽ പറയുന്നു.ടെല്ലിസ് ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.കാർണഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെലോ ആണ് ആഷ്ലി ടെല്ലിസ് . മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ പല സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബുഷ് ഭരണകൂടത്തിന്റെ ഇന്ത്യയുമായുള്ള സിവിൽ ആണവ കരാർ ചർച്ച ചെയ്യാൻ സഹായിച്ചതും ടെല്ലിസായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ടെല്ലിസിന് പരമാവധി പത്ത് വർഷം തടവ്, $250,000 പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നീ ശിക്ഷകൾ ലഭിക്കുമെന്ന് വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫീസ് പറഞ്ഞു.
മുമ്പ് അദ്ദേഹം ന്യൂഡൽഹിയിലെ യുഎസ് എംബസിയിലെ അംബാസഡറുടെ മുതിർന്ന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ പ്രത്യേക സഹായിയായും തെക്കുപടിഞ്ഞാറൻ ഏഷ്യയ്ക്ക് വേണ്ടിയുള്ള സീനിയർ ഡയറക്ടറായും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ലീഗ് എന്നിവയുൾപ്പെടെ പ്രതിരോധ, അന്താരാഷ്ട്ര പഠനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രൊഫഷണൽ സംഘടനകളിൽ ടെല്ലിസ് അംഗമാണ്.
കഴിഞ്ഞ ആഴ്ച വിർജീനിയയിലെ വിയന്നയിലുള്ള ടെല്ലിസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അതീവ രഹസ്യരേഖകൾ അടയാളങ്ങൾ പതിച്ച നിലയിൽ കണ്ടെത്തിയത്.വാഷിംഗ്ടൺ പ്രാന്തപ്രദേശമായ വിർജീനിയയിലെ ഫെയർഫാക്സിലുള്ള ഒരു റസ്റ്റോറന്റിൽ വെച്ച് ടെല്ലിസ് ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായും എഫ് ബി ഐ സത്യവാങ്മൂലത്തിൽ പറയുന്നു.

