ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് ഇൻഡി മുന്നണി. പാർലമെൻ്റ് ഹൗസിൽ നടന്ന യോഗത്തിൽ ബില്ലിൻ്റെ അവതരണത്തിന് മുന്നോടിയായുള്ള പ്രതികരണം ഏകോപിപ്പിക്കുന്നതിനായി വിവിധ പ്രതിപക്ഷ പാർട്ടികളിലെ പ്രധാന നേതാക്കൾ ഒത്തുചേർന്നിരുന്നു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാൽ, സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, എൻസിപിയുടെ സുപ്രിയ സുലെ, ടിഎംസിയുടെ കല്യാണ് ബാനർജി, എഎപിയുടെ സഞ്ജയ് സിംഗ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡിഎംകെയുടെ ടി ആർ ബാലു, തിരുച്ചി ശിവ, കനിമൊഴി, ആർജെഡിയുടെ മനോജ് കുമാർ ഝാ, സിപിഐ എമ്മിൻ്റെ ജോൺ ബ്രിട്ടാസ്, സിപിഐയുടെ സന്തോഷ് കുമാർ പി, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ, എംഡിഎംകെയുടെ വൈകോ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വഖഫ് ഭേദഗതി ബില്ലിൽ മോദി സർക്കാരിൻ്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പിക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടാണ്, പാർലമെൻ്റിൻ്റെ വേദിയിൽ ഒരുമിച്ച് പ്രവർത്തിക്കും,” മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
‘ഇത് ഭരണഘടനാ വിരുദ്ധവുമാണ്. ഞങ്ങൾ, ഭരണഘടനയിൽ വിശ്വസിക്കുന്ന ഇന്ത്യൻ പാർട്ടികൾ, ബില്ലിനെതിരെ വോട്ട് ചെയ്യാൻ പോകുന്നു. ഇത് ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നും ഭരണഘടനയിൽ വിശ്വസിക്കുന്ന ആളുകൾ തീർച്ചയായും ഇതിനെ എതിർക്കുമെന്നും ‘ കെ സി വേണുഗോപാൽ പറഞ്ഞു.
‘ ക്രിസ്ത്യൻ സമൂഹത്തിൻ്റെ പള്ളികളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ‘ അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ജില്ലയിലെ 400 ഏക്കറോളം വരുന്ന ഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.