ഇസ്ലാമാബാദ് : ഏഷ്യാ കപ്പിൽ പാകിസ്ഥാൻ ഇന്ത്യയോട് രണ്ടുതവണ തോറ്റതിന് പിന്നാലെ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് മത്സരം പാകിസ്ഥാൻ ജയിക്കണമെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വിയും ആർമി ചീഫ് അസിം മുനീറും ഇന്നിംഗ്സ് തുറക്കണമെന്ന് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ സഹോദരി അലീമ ഖാനാണ് ഇമ്രാൻ ഖാന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിച്ചത്.’ഒരു ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കണമെങ്കിൽ പാകിസ്ഥാന് ഒരു വഴിയേ ഉള്ളൂ, പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറും പിസിബി ചെയർമാൻ നഖ്വിയും മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തുറക്കുകയും അവരോടൊപ്പം പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് ഖാസി ഫൈസ് ഇസയും ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ റാസയും അമ്പയർമാരായി വരികയും ചെയ്യുക.’ എന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്.
മത്സരത്തിന്റെ മൂന്നാം അമ്പയറായി ഇസ്ലാമാബാദിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർഫറാസ് ദോഗറിന്റെ പേരാണ് ഇമ്രാൻ നിർദ്ദേശിച്ചത്. ഏഷ്യാ കപ്പിലെ പ്രകടനത്തിനു ശേഷം ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

