ന്യൂഡൽഹി : ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുകയാണ്. ടെഹ്റാൻ ഉൾപ്പെടെയുള്ള ഇറാനിലെ പ്രധാന നഗരങ്ങളിൽ ബോംബാക്രമണങ്ങൾ നടക്കുന്നു . ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു . ഇസ്രായേൽ ഉൾപ്പെടെ 9 രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇറാന് പുറമേ, അയത്തുള്ള ഖമേനിയുടെ മരണത്തിനെതിരെ മറ്റ് പല രാജ്യങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
അതേസമയം, ഖമേനിയുടെ മരണത്തെ മറയാക്കി ഇന്ത്യയിലും കലാപങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്ത്യയിൽ ഉണ്ടാകാൻ സാധ്യതയുള്ള വർഗീയ അക്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാന സർക്കാരുകൾക്കും മുന്നറിയിപ്പ് കത്ത് നൽകി.
“പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന തീവ്ര ഇറാൻ അനുകൂല പ്രസംഗകരെ” തിരിച്ചറിയാൻ ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിൽ പറയുന്നു. പ്രതിഷേധങ്ങൾക്കിടെ ക്രമസമാധാനം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.
ഇറാനെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മാരകമായ ആക്രമണമാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്നത് . ഖമേനി ഉൾപ്പെടെ 40-ലധികം ഇറാനിയൻ നേതാക്കളെയും കമാൻഡർമാരെയും വധിച്ചതായി അമേരിക്ക അവകാശപ്പെടുന്നു. ഇറാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് പുതിയ ഭീഷണി മുഴക്കിയിട്ടുണ്ട് . അമേരിക്കയുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്ന് ട്രംപ് പറഞ്ഞു.

