ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു . സിവിൽ ഏവിയേഷൻ മന്ത്രാലയ സെക്രട്ടറി, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ജനറൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)യിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഈ സമിതിയിൽ ഉൾപ്പെടുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ കമ്മിറ്റി സമർപ്പിക്കും.
ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. “നമ്മുടെ രാജ്യത്തിന് വളരെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. ഈ സംഭവം നടന്നപ്പോൾ, ബോയിംഗ് 787 ശ്രേണിയിലും വിശദമായ നിരീക്ഷണം ആവശ്യമാണെന്ന് തോന്നി. 787 വിമാനങ്ങളുടെ വിശദമായ നിരീക്ഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ ഫ്ലീറ്റിൽ 34 വിമാനങ്ങളുണ്ട്. ഇതിൽ 8 വിമാനങ്ങൾ ഇതിനകം പരിശോധിച്ചു കഴിഞ്ഞു, എല്ലാ വിമാനങ്ങളും ഉടനടി പരിശോധിക്കും.” അദ്ദേഹം പറഞ്ഞു.
‘ ശക്തമായ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും. നമ്മുടെ രാജ്യത്ത് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ശക്തമായ പ്രോട്ടോക്കോളുകളും ഉണ്ട്. ‘ബ്ലാക്ക് ബോക്സ്’ ഡീകോഡ് ചെയ്യുന്നത് വിമാനാപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് വിവരങ്ങൾ നൽകും.എനിക്കും ഒരു റോഡപകടത്തിലാണ് എന്റെ അച്ഛനെ നഷ്ടപ്പെട്ടത് . അതിനാൽ കുടുംബാംഗങ്ങളുടെ വേദനയും കഷ്ടപ്പാടും ഒരു പരിധിവരെ എനിക്ക് മനസ്സിലാകും. ‘ – റാം മോഹൻ നായിഡു പറഞ്ഞു.

