ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് സർക്കാരിന് തിരിച്ചടി . സ്വകാര്യ സംഘടനകൾ പൊതു സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് സ്റ്റേ ചെയ്തു.
ജസ്റ്റിസ് നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് സർക്കാരിന്റെ നിർദ്ദേശത്തിന് ഇടക്കാല സ്റ്റേ നൽകുകയും കേസ് നവംബർ 17 ലേക്ക് കൂടുതൽ വാദം കേൾക്കാൻ മാറ്റുകയും ചെയ്തു. ഇതോടെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ഇറക്കിയ ഉത്തരവ്, അടുത്ത വാദം കേൾക്കുന്നതുവരെ നിർത്തിവയ്ക്കും
.സർക്കാരിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത് പുനശ്ചൈതന്യ സേവാ സംസ്ഥേ ആണ്,.ഈ നീക്കം നിയമപരമായ പ്രവർത്തനങ്ങൾ നടത്താനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു.
കർണാടക പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നീക്കം ഏതെങ്കിലും പ്രത്യേക സംഘടനയെ ലക്ഷ്യം വച്ചുള്ളതല്ല. “ഈ സംഘടനയെക്കുറിച്ചോ ആ സംഘടനയെക്കുറിച്ചോ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല,” എന്നാണ് അദ്ദേഹം പറഞ്ഞത്. “സർക്കാരിന്റെയോ സ്ഥാപനങ്ങളുടെയോ സ്വത്തുക്കൾ ശരിയായ അനുമതിയോടെയും ശരിയായ ഉദ്ദേശ്യത്തോടെയും മാത്രമേ ഉപയോഗിക്കാവൂ. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഏതൊരു ലംഘനവും കൈകാര്യം ചെയ്യപ്പെടും.” എന്നും മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞിരുന്നു.
ആർ എസ് എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയയ്യക്ക് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു ഈ ഉത്തരവും ഇറങ്ങിയത്.

