കലബുറഗി : ചിറ്റാപൂരിൽ ആർഎസ്എസ് പദസഞ്ചലനത്തിന് അനുമതി ആവശ്യമുണ്ടോയെന്ന് കർണാടക ഹൈക്കോടതി. സംഘടന ഇന്ന് നടത്താനിരുന്ന പദസഞ്ചലനത്തിന് തഹസിൽദാർ നാഗയ്യ ഹിരേമത്ത് അനുമതി നിഷേധിച്ചിരുന്നു. അതിനു പിന്നാലെ ആർ എസ് എസ് കോടതിയെ സമീപിച്ചിരുന്നു.
ജസ്റ്റിസ് എം.ജി.എസ്. കമലിന്റെ ബെഞ്ചിൽ അടിയന്തര വാദം നടന്നു. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ അരുൺ ശ്യാം ഹാജരായി. നിയമപ്രകാരം ആരാണ് അനുമതി നൽകേണ്ടതെന്ന് ജഡ്ജി ചോദിച്ചു. സുരക്ഷ ഒരുക്കാൻ പോലീസിനെ അറിയിച്ചിരുന്നു. ഒക്ടോബർ 13 ന് തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഒക്ടോബർ 17 ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് തങ്ങൾ അപേക്ഷ നൽകിയിരുന്നു. എന്നിട്ടും അനുമതി നിഷേധിച്ചതായി അരുൺ ശ്യാം കോടതിയെ അറിയിച്ചു.
പ്രതിഷേധിക്കാതെയോ മുദ്രാവാക്യം വിളിക്കാതെയോ സംഘം മാർച്ച് നടത്താൻ അനുമതി ആവശ്യമുണ്ടോ? എന്നും ഏത് നിയമപ്രകാരമാണ് അനുമതി വാങ്ങേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു.
ഇത്തരം കാര്യങ്ങൾക്ക് വ്യക്തമായ നിയമമില്ലെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മറുപടി നൽകി. മറ്റൊരു സംഘടന ഇന്ന് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഭീം ആർമിയും ദളിത് പാന്തേഴ്സും പ്രതിഷേധത്തിന് അനുമതി തേടിയിട്ടുണ്ട്. ക്രമസമാധാന നില കണക്കിലെടുത്ത് അനുമതി നൽകിയിട്ടില്ലെന്ന് സർക്കാർ വാദിച്ചു.
ഈ സമയത്ത്, ആർഎസ്എസിനും ഭീം ആർമി സംഘടനകൾക്കും വെവ്വേറെ സമയം അനുവദിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നവംബർ 2 ന് ആർഎസ്എസ് മാർച്ച് നടത്താൻ ആർ എസ്സ് എസ് സമ്മതിച്ചു. സംസ്ഥാനത്തുടനീളം 250 സമാധാനപരമായ മാർച്ചുകൾ നടന്നിട്ടുണ്ട് . സമാധാനവും ശാന്തിയും നിലനിർത്തുന്നുണ്ടെന്നും സന്നദ്ധപ്രവർത്തകരുടെ സേവനം ഉൾപ്പെടെ സംസ്ഥാന സർക്കാരിനോട് പൂർണ്ണ സഹകരണം നൽകുന്നുണ്ടെന്നും സംഘടന ഉറപ്പാക്കും . എവിടെയും സമാധാനത്തിന് ഭംഗം സംഭവിച്ചിക്കില്ലെന്ന ഹർജിക്കാരന്റെ പ്രസ്താവന രേഖപ്പെടുത്തിയ ഹൈക്കോടതി, പുതിയ അപേക്ഷ സമർപ്പിക്കാനും ഹർജിക്കാരനോട് നിർദ്ദേശിച്ചു.

