ന്യൂഡൽഹി ; പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ . ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയും മറ്റ് ആറ് പേരുമാണ് അറസ്റ്റിലായത് .”ട്രാവൽ വിത്ത് ജോ” എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തിയിരുന്നു ജ്യോതി.
കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ചിരുന്നു . പിന്നീട് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി അടുത്ത ബന്ധം വളർത്തിയെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.പിന്നീട്, ജ്യോതിയ്ക്ക് ഐഎസ്ഐ ഏജന്റുമായും ബന്ധമുണ്ടായി. സർക്കാർ പേഴ്സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ച ഡാനിഷിനെ മെയ് 13 ന് ഇന്ത്യയിൽ നിന്ന് നാടുകടത്തി. എന്നാൽ അതിനു മുൻപ് തന്നെ ജ്യോതിയെ നിരവധി പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ഡാനിഷ് പരിചയപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂരിന് ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഇവരെ പിടികൂടുന്നത് . ഇവർ ഏജന്റുമാരായും, സാമ്പത്തിക സഹായികളായും, വിവരദാതാക്കളായും പ്രവർത്തിച്ചിരുന്നതായും, ഹരിയാനയിലും പഞ്ചാബിലും ഇവർക്ക് ശൃംഖലകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആക്രമണങ്ങളുടെ സമയത്ത് കശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന ജ്യോതി, അവിടുത്തെ സെൻസിറ്റീവ് സ്ഥലങ്ങളുടെ റീലുകൾ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതുവഴി അവർ പാകിസ്ഥാനിലേക്ക് വിവരങ്ങൾ അയച്ചതായും പറയപ്പെടുന്നു.

