വാഷിംഗ്ടൺ : എച്ച് 1 ബി വിസ അപേക്ഷകർ ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) വാർഷിക ഫീസ് നൽകണമെന്ന് യുഎസ് . പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതാണ് പുതിയ ഉത്തരവ് . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ യുഎസിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾ ലഭിക്കാൻ എച്ച് 1 ബി വിസയെ ആശ്രയിക്കുന്നു. യുഎസിലെ ഐടി മേഖലയിൽ സ്വപ്നതുല്യമായ ജോലിക്കായി മത്സരിക്കുന്ന വിദേശികൾക്ക്, പ്രധാനമായും ഇന്ത്യക്കാർക്ക്, ഇത് വലിയ തിരിച്ചടിയാകും. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും കുടിയേറ്റം നിയന്ത്രിക്കാനുമാണ് ട്രംപിന്റെ നീക്കം ലക്ഷ്യമിടുന്നത്.
യുഎസിലെ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾക്കായി മികച്ച വിദേശ തൊഴിലാളികളെ യുഎസിലേക്ക് കൊണ്ടുവരുന്നതിനാണ് എച്ച് 1 ബി വിസകൾ അവതരിപ്പിച്ചത് . തന്റെ പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്ന് ട്രംപ് പറഞ്ഞു. “കമ്പനികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. ഈ പ്രഖ്യാപനം അമേരിക്കയ്ക്ക് നല്ല തൊഴിലാളികളെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും,” ട്രംപ് പറഞ്ഞു.
നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം താരിഫ് വിഷയത്തിൽ താളം തെറ്റി നിൽക്കുമ്പോഴാണ് പുതിയ ഉത്തരവും വരുന്നത് . ജീവനക്കാരൻ യുഎസിൽ വച്ച് തന്നെ പുതിയ ജോലിയിലേയ്ക്ക് മാറുകയാണെങ്കിൽ ഈ ഒരു ലക്ഷം ഡോളർ ഫീസ് എന്ന നിയമം ബാധകമാകില്ല . നിലവിൽ യുഎസിൽ തന്നെ ഉള്ളതിനാലാണ് ഫീസ് ഒഴിവാകുന്നത് .
അതേസമയം എച്ച് 1 ബി വിസയുടെ കാലാവധി തീർന്നതിനെ തുടർന്ന് ജീവനക്കാരൻ യുഎസ് വിടുകയും, തിരികെ എത്തിക്കാനായി തൊഴിലുടമ പുതിയ അപേക്ഷ നൽകുകയും ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം ഡോളർ ഫീസ് അടയ്ക്കണം . വിദേശത്ത് നിന്ന് യുഎസിലേക്ക് പ്രവേശിക്കുന്നതിനാലാണ് ഫീസ് ബാധകമാകുന്നത്.
നിലവിൽ അമേരിയ്ക്കയ്ക്ക് പുറത്തുള്ള ജീവനക്കാരോട് 24 മണിക്കൂറിനുള്ളിൽ മടങ്ങി വരാനും കമ്പനികൾ നിർദേശിച്ചിട്ടുണ്ട്. റീ എൻട്രി നിഷേധിക്കാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയ്ക്കാണ് ഈ നിർദേശം. സർക്കാർ നീക്കത്തിന്റെ പ്രായോഗികതയെ കുറിച്ച് വ്യക്തത വരുന്നതു വരെ എച്ച് 1 ബി വിസക്കാരോടും എച്ച് 4 സ്റ്റാറ്റസുകാരോടും കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും യുഎസിൽ തുടരാനാണ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ യുഎസിന് പുറത്ത് താമസിക്കുന്നവരോട് 24 മണിക്കൂറിനകം മടങ്ങിയെത്താനും മെറ്റ നിര്‍ദേശിച്ചിട്ടുണ്ട്.
‘

