ന്യൂഡൽഹി: എലോൺ മസ്കിൻ്റെ സ്പേസ് എക്സിന്റെ റോക്കറ്റിലേറി ബഹിരാകാശത്തേക്ക് ജിസാറ്റ്- എൻ 2 ഉപഗ്രഹവുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചു.കർണാടകയിലെ ഹാസനിൽ ഐഎസ് ആർ ഒ യുടെ മാസ്റ്റർ കൺട്രോൾ ഫസിലിറ്റിയാണ് ഡേറ്റ സ്വീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്- എൻ 2 ബഹിരാകാശത്തേക്ക് കുതിച്ചത് . ഐ സ് ആർ ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ്ഇന്ത്യ ലിമിറ്റഡിന്റെ അവശ്യാധിഷ്ഠിത ഉപഗ്രഹമായ ജിസാറ്റ് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപിച്ചത്.
വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തി ജിടിഒയിൽ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം എത്തും.ഇന്ത്യയുടെ തദ്ദേശീയ ഹെവി റോക്കറ്റ് വിക്ഷേപണ വാഹനമായ മാർക്ക്-3 ന് ഇത്രയും ഭാരമുള്ള ഉപഗ്രഹം ഉയർത്താനുള്ള ശേഷി ഇല്ലാതിരുന്നതിനാലാണ് ജിസാറ്റ്-20 വിക്ഷേപിക്കാൻ ഐഎസ്ആർഒ സ്പേസ് എക്സിനെ തിരഞ്ഞെടുത്തത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തുടങ്ങി ഇന്നും ഇന്റർനെറ്റ് അപര്യാപ്തമായ ഇന്ത്യൻ പ്രദേശങ്ങളിലും ഇന്ത്യൻ പരിധിയിലെ ആകാശം സമുദ്ര പ്രദേശങ്ങളിലും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വരെ വേഗതയുള്ള പ്രദേശങ്ങളിലും ഇന്റർനെറ്റ് ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെ ലഭ്യമാകും. ഇതിന്റെ 32 സ്പോർട്ട് ബീമുകളിൽ 8 എണ്ണം വടക്കുകിഴക്കൻ മേഖലയിലും 24 വീതിയുള്ള ബീമുകൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അറബിക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള ഭാഗങ്ങളിലെ തന്ത്രപ്രധാന ഇടപെടലുകൾ നിരീക്ഷിക്കാനും കഴിയും.