ന്യൂഡൽഹി : ദേശീയഗാനമായ ജനഗണമനയ്ക്ക് സമാനമായി, വന്ദേമാതരം ആലപിക്കുന്നതിനും പ്രോട്ടോക്കോളുകൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ . ഇക്കാര്യം പരിശോധിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഈ മാസം ആദ്യം ഉന്നതതല യോഗം ചേർന്നിരുന്നു.
“ജന ഗണ മന”യ്ക്ക് സമാനമായി “വന്ദേമാതരം” ആലപിക്കുന്നതിന് നിശ്ചിത നിയമങ്ങളും, പെരുമാറ്റച്ചട്ടങ്ങളും വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. ഭരണഘടനാ അസംബ്ലി ദേശീയഗാനത്തോടൊപ്പം വന്ദേമാതരത്തിന് തുല്യമായ ബഹുമാനവും ആദരവും നൽകിയിട്ടുണ്ടെങ്കിലും, ആലപിക്കുന്നതിനോ വായിക്കുന്നതിനോ നിലവിൽ നിർബന്ധിത മര്യാദകളോ നിലപാടുകളോ ഇല്ല.
1937-ൽ ഗാനത്തിലെ ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ട് കോൺഗ്രസ് അതിന്റെ പ്രാധാന്യം കുറച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. “വന്ദേമാതരം” അനുസ്മരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം .
ആഘോഷത്തിന്റെ ആദ്യ ഘട്ടം നവംബറിൽ സമാപിച്ചു, രണ്ടാമത്തേത് ഈ മാസവും , മൂന്നാമത്തേത് 2026 ഓഗസ്റ്റിലും, നാലാമത്തേത് 2026 നവംബറിലുമാണ് നടക്കുക.
ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഈ യോഗത്തിൽ, ദേശീയ ഗാനം എപ്പോൾ ആലപിക്കണം, ദേശീയ ഗാനത്തോടൊപ്പം വന്ദേമാതരം ആലപിക്കണമോ, അതിനെ അപമാനിച്ചാൽ ശിക്ഷ നൽകുന്നതിന് എന്തെങ്കിലും വ്യവസ്ഥ വേണോ എന്നിവ ചർച്ച ചെയ്തു.
സമീപ വർഷങ്ങളിൽ, ദേശീയ ഗീതം ആലപിക്കുന്നതിനുള്ള ചട്ടക്കൂട് ആവശ്യപ്പെട്ടും 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ നിയമപ്രകാരം ശിക്ഷകൾ ചുമത്താൻ കഴിയുമോ എന്നതിൽ വ്യക്തത ആവശ്യപ്പെട്ടും നിരവധി ഹർജികൾ കോടതികളിൽ ഫയൽ ചെയ്തിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയത്.
ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്നത് മനഃപൂർവ്വം തടയുകയോ അല്ലെങ്കിൽ അത്തരം ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും സഭയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ വന്ദേമാതരം സ്വദേശി പ്രസ്ഥാനത്തിന്റെ (1905–08) കാലത്ത് ജനലക്ഷങ്ങൾ ഏറ്റെടുത്തതാണ് .

