ന്യൂഡൽഹി : ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( AI) ഹബ് നിർമ്മിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ . ഇതിനായി കമ്പനി 15 ബില്യൺ ഡോളർ നിക്ഷേപിക്കും. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും സുന്ദർ പിച്ചൈ പറഞ്ഞു.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താകും ഒരു വലിയ ഡാറ്റാ സെന്ററും AI ഹബും നിർമ്മിക്കുക.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ സുന്ദർ പിച്ചൈ ഇതുസംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചു. “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. വിശാഖപട്ടണത്ത് നിർമ്മിക്കാൻ പോകുന്ന ഗൂഗിളിന്റെ ആദ്യത്തെ AI ഹബ്ബിനായുള്ള പദ്ധതികൾ ഞങ്ങൾ പങ്കിട്ടു. ഇതൊരു ചരിത്രപരമായ ചുവടുവയ്പ്പായിരിക്കും. ഈ ഹബ്ബിൽ ഗിഗാവാട്ട് സ്കെയിൽ കമ്പ്യൂട്ടിംഗ് ശേഷി, പുതിയ അന്താരാഷ്ട്ര സബ് സീ ഗേറ്റ്വേ, വലിയ തോതിലുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും.”സുന്ദർ പിച്ചൈ സൂചിപ്പിച്ചു.
വിശാഖപട്ടണത്ത് ഒരു AI ഹബ് സ്ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ തങ്ങൾ പദ്ധതിയിടുന്നതായി ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. ഗൂഗിളിന്റെ ആദ്യത്തെ AI ഹബ്ബായിരിക്കും ഇത്. ഇന്ത്യൻ AI എഞ്ചിനീയർമാർക്കും ഇത് അവസരങ്ങൾ നൽകും. കഴിഞ്ഞ 21 വർഷമായി ഗൂഗിൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 14,000-ത്തിലധികം ഇന്ത്യക്കാർ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തോമസ് കുര്യൻ പറഞ്ഞു.

