ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനൊപ്പം നിന്ന രാജ്യമാണ് തുർക്കി . ഇപ്പോഴിതാ തുർക്കിയുടെ മുഖ്യ ശത്രുവായ സിറിയയിലെ കുർദിഷ് സമൂഹത്തെ സഹായിച്ചുകൊണ്ട് എർദോഗനോട് പ്രതികാരം ചെയ്യാനുള്ള അവസരം ഇന്ത്യക്ക് കൈവന്നിരിക്കുകയാണ് . സിറിയയിലെ കുർദിഷ് ജനതയ്ക്ക് മേൽ തുർക്കി പലപ്പോഴും ബോംബാക്രമണം നടത്താറുണ്ട്. കുർദുകളെ നയിക്കുന്ന മസ്ലം അബ്ദിയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് സഹായം തേടിയിരിക്കുന്നത് . സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (എസ്ഡിഎഫ്) കമാൻഡർ ജനറലും അവിടത്തെ മുതിർന്ന നേതാക്കളിൽ ഒരാളുമാണ് മസ്ലം അബ്ദി.
ജനറൽ അബ്ദിയുടെ പാർട്ടി തികച്ചും ജനാധിപത്യപരമായാണ് മുന്നോട്ട് നീങ്ങുന്നത് . ഒപ്പം മതമൗലികവാദത്തെ എതിർക്കുകയും ചെയ്യുന്നു . സിറിയയിൽ ഒരു മതേതര സർക്കാർ സ്ഥാപിക്കാൻ മസ്ലം അബ്ദി ആഗ്രഹിക്കുന്നു. വംശീയ/മതപരമായ അവകാശങ്ങൾ (പ്രത്യേകിച്ച് കുർദിഷ് അംഗീകാരം) ലിംഗസമത്വം എന്നിവയാണ് എസ്ഡിഎഫ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമായി കണ്ട് സിറിയ ഇവയെ നിരസിക്കുന്നു.
“സിറിയയിലെ ബഷർ അൽ-അസദിന്റെ സർക്കാർ പോയതിനുശേഷം ആശ്വാസം ലഭിച്ചിരുന്നു , പക്ഷേ സുരക്ഷയുടെയും ഭരണ ഘടനയുടെയും പേരിൽ എല്ലാം ഇപ്പോഴും പൂജ്യമാണ്. ഐഎസ് പോലുള്ള തീവ്രവാദ ശക്തികൾക്ക് വീണ്ടും സംഘടിക്കാൻ അവസരം ലഭിക്കുന്നു. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്തതോടെ, കുറച്ച് ആശ്വാസം ഉണ്ടായിട്ടുണ്ട്, നമ്മുടെ രാജ്യത്തിന് പുനർനിർമ്മിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്,” – മസ്ലം അബ്ദി പറയുന്നു.
ജനറൽ മസ്ലം അബ്ദിയെ തുർക്കി സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു . 2011-ൽ സിറിയയിലെ ആഭ്യന്തരയുദ്ധത്തിനുശേഷം, കുർദിഷ് പ്രദേശങ്ങളിൽ എസ്ഡിഎഫ് സ്വാധീനമുള്ള ഒരു സർക്കാർ സ്ഥാപിച്ചു. തുർക്കി നിരവധി തവണ കുർദിഷ് പ്രദേശങ്ങളെ ആക്രമിച്ചിട്ടുണ്ട്.ഇന്ത്യ എസ്ഡിഎഫിനെ സഹായിച്ചാൽ അത് എർദോഗന് വലിയൊരു പാഠമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

