ന്യൂഡൽഹി : അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് . ജാർഖണ്ഡിലെ ചൈബാസ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് . ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ നൽകിയ അപേക്ഷ കോടതി തള്ളി.
2018 ലെ കോൺഗ്രസിന്റെ പ്ലീനറി സെഷനിൽ രാഹുൽ ഗാന്ധി അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാവ് പ്രതാപ് കത്യാർ ഫയൽ ചെയ്ത കേസ്. “കൊലപാതകക്കുറ്റം” നേരിടുന്ന ഒരാൾക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാമെന്ന് രാഹുൽ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശം അപകീർത്തികരമാണെന്നും എല്ലാ ബിജെപി പ്രവർത്തകരെയും അപമാനിച്ചുവെന്നും ആരോപിച്ച് കത്യാർ 2018 ജൂലൈ 9 ന് ചൈബാസയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിൽ കേസ് ഫയൽ ചെയ്തു.
ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, 2020 ഫെബ്രുവരിയിൽ മാനനഷ്ടക്കേസ് റാഞ്ചിയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റി. തുടർന്ന്, കേസ് ചൈബാസയിലെ എംപി-എംഎൽഎ കോടതിയിലേക്ക് തിരിച്ചയച്ചു.
കോടതി ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരാകുന്നതിൽ നിന്ന് വിട്ടുനിന്നു. തുടക്കത്തിൽ, ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചു. അതിനു ശേഷമാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

