ബെംഗളൂരു ; ചൈനയ്ക്ക് ശേഷം ഫോക്സ്കോണിന്റെ രണ്ടാമത്തെ വലിയ ആഗോള യൂണിറ്റ് ബെംഗളൂരുവിൽ . ദേവനഹള്ളിക്ക് സമീപമുള്ള ഫോക്സ്കോൺ ഫാക്ടറിയിൽ ഐഫോൺ 17 ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. ആപ്പിളിന്റെ ഇന്ത്യയിലെ ഉൽപ്പാദന വളർച്ചയിലെ സുപ്രധാന ചുവടുവയ്പ്പാണിത്.
ബെംഗളൂരു യൂണിറ്റ് ഇപ്പോഴും പ്രവർത്തനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഐഫോൺ 17 ഇപ്പോൾ പരിമിതമായ തോതിൽ നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട് . ഫോക്സ്കോണിന്റെ ചെന്നൈ പ്ലാന്റിലും ഇതിനകം തന്നെ ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ട്. ആപ്പിളും ഫോക്സ്കോണും വികസനം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യയെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറ്റുന്നതിനുള്ള ആപ്പിളിന്റെ ശ്രമങ്ങൾ ഏറെ കാലമായി നടക്കുകയാണ്.
ഈ വർഷം ആദ്യം ബെംഗളൂരു പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ചൈനീസ് എഞ്ചിനീയർമാരിൽ പലരും കമ്പനി വിട്ടതാണ് ഇതിന്റെ പ്രധാന കാരണം . എന്നാൽ തായ്വാനിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ഫോക്സ്കോൺ ആ വിടവ് നികത്തി.
ജൂൺ പാദത്തിൽ അമേരിക്കയിൽ വിൽക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ നേരത്തെ പറഞ്ഞിരുന്നു.ദേവനഹള്ളിയിലെ ഫോക്സ്കോൺ നിർമ്മാണ യൂണിറ്റിന്റെ സമീപകാല ചിത്രങ്ങളും പുറത്ത് വന്നു. കർണാടക സർക്കാരും ഫോക്സ്കോണും തമ്മിൽ 2023 ലാണ് കരാർ ഒപ്പ് വച്ചത്.

