ന്യൂഡൽഹി ; ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ വിദേശ സംഭാവന നിയമത്തിന്റെ ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ലഡാക്കിന്റെ സംസ്ഥാന പദവിക്കായുള്ള പ്രതിഷേധങ്ങൾ ബുധനാഴ്ച ലേയിൽ അക്രമാസക്തമായി മാറിയതിനെ തുടർന്നാണ് ഈ നടപടി. തീവയ്പ്പിലും സംഘർഷത്തിലും നാല് പേർ കൊല്ലപ്പെടുകയും 40 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബിജെപി ഓഫീസും ഹിൽ കൗൺസിൽ ആസ്ഥാനവും പ്രതിഷേധക്കാർ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. തുടർന്ന് പോലീസും അർദ്ധസൈനികരും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കണ്ണീർവാതകം പ്രയോഗിച്ചു. പിന്നീട് ലേയിൽ കർഫ്യൂ ഏർപ്പെടുത്തി.
അക്രമത്തിന് വാങ്ചുക്കാണ് ഉത്തരവാദിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിരാഹാരവും “പ്രകോപനപരവുമായ” പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കിവിട്ടു, അവർ ബിജെപി, സർക്കാർ ഓഫീസുകളെ ആക്രമിക്കുകയും സ്വത്തുക്കൾക്ക് തീയിടുകയും 30 ലധികം പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അറബ് വസന്തത്തെയും നേപ്പാളിലെ ജനറൽ ഇസഡ് പ്രതിഷേധങ്ങളെയും കുറിച്ചുള്ള വാങ്ചുക്കിന്റെ പരാമർശങ്ങൾ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
എന്നാൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരണ നൽകിയത് താനാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണത്തെ സോനം വാങ്ചുക്ക് തള്ളിക്കളഞ്ഞു . മേഖലയിലെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കാതിരിക്കാൻ ഇത് ഒരു “ബലിയാട് തന്ത്രം” ആണെന്ന് അദ്ദേഹം പറഞ്ഞു.
പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്എ) അറസ്റ്റ് നേരിടാൻ തയ്യാറാണെന്ന് വാങ്ചുക്ക് പറഞ്ഞു. “ഇത് ഞാൻ അല്ലെങ്കിൽ കോൺഗ്രസ് പ്രേരിപ്പിച്ചതാണെന്ന് പറയുന്നത് പ്രശ്നത്തിന്റെ കാതലായ ഭാഗം അഭിസംബോധന ചെയ്യുന്നതിനുപകരം ഒരു ബലിയാടിനെ കണ്ടെത്തുകയാണ് . ഇത് നമ്മെ എവിടേക്കും നയിക്കില്ല. മറ്റാരെയെങ്കിലും ബലിയാടാക്കുന്നതിൽ അവർ മിടുക്കരായിരിക്കാം, പക്ഷേ അവർ ബുദ്ധിമാന്മാരല്ല.” അദ്ദേഹം പറഞ്ഞു.
സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾക്കായി വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി സോനം വാങ്ചുകിന്റെ എൻജിഒ എഫ്സിആർഎയ്ക്ക് കീഴിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിരുന്നു . ഓഗസ്റ്റ് 20 ന് സംഘടനയ്ക്ക് ഒരു ഷോ കോസ് നോട്ടീസ് പുറപ്പെടുവിച്ചു . തുടർന്ന് സെപ്റ്റംബർ 10 ന് എൻജിഒയുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം കത്ത് നൽകി.
ലഡാക്കിലെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് നൽകിയ മറുപടി ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയും നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.2021-22 കാലയളവിൽ, സോനം വാങ്ചുക്ക് അസോസിയേഷന്റെ എഫ്സിആർഎ അക്കൗണ്ടിൽ 3.5 ലക്ഷം രൂപ നിക്ഷേപിച്ചു, ഇത് വഴി നിയമത്തിലെ സെക്ഷൻ 17 ലംഘിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.എൻജിഒ 79,200 രൂപയുടെ വിദേശ സംഭാവന റിപ്പോർട്ട് ചെയ്തെങ്കിലും അത് എഫ്സിആർഎ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടുമില്ല.

