ന്യൂഡൽഹി : ഡൽഹി കലാപക്കേസിലെ പ്രതി ഉമർ ഖാലിദിനെ ന്യായീകരിച്ച് രംഗത്തെത്തിയ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയെ വിമർശിച്ച് ഇന്ത്യ . ഉമർ ഖാലിദിന് മംദാനി അയച്ച കുറിപ്പിനെ അംഗീകരിക്കില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയിട്ടുണ്ട്.
മംദാനി മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിന് നൽകിയിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടതെന്നും ഇന്ത്യ താക്കീത് നൽകി .
‘മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ പൊതു പ്രതിനിധികൾ ബഹുമാനിക്കണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് അധികാരത്തിലിരിക്കുന്നവർക്ക് ചേരുന്നതല്ല. അത്തരം അഭിപ്രായങ്ങൾക്ക് പകരം, അവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ‘ ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ കണ്ടപ്പോൾ മംദാനി എഴുതിയ കത്ത് കൈമാറിയിരുന്നു . കുറിപ്പിൽ, മംദാനിയുടെ ഖാലിദിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുണ്ട് . “പ്രിയപ്പെട്ട ഉമർ, കയ്പിനെക്കുറിച്ചും അത് ഒരാളെ സ്വയം നശിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നിങ്ങൾ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞത് സന്തോഷകരമായിരുന്നു. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു,” എന്നാണ് മംദാനിയുടെ വാക്കുകൾ.
2023 ജൂണിൽ, പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരായ പ്രതിഷേധത്തിൽ, മംദാനി ഖാലിദിന്റെ ജയിൽ ഡയറിയിൽ നിന്നുള്ള ഭാഗങ്ങൾ വായിച്ച് രംഗത്തെത്തിയിരുന്നു.ഡിസംബർ 9 ന് മംദാനിയുമായി ഏകദേശം 25 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായി ഉമർ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞിരുന്നു . മാത്രമല്ല ഈ വിഷയത്തിൽ തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് പോലും മംദാനി ചോദിച്ചിരുന്നു.

