ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികരുമായി ആറ് വാഹനങ്ങൾ ബൽനോയിലേയ്ക്ക് പോകുന്നതിനിടെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
11 മദ്രാസ് ലൈറ്റ് ഇൻഫൻട്രിയുടെ ഭാഗമായ സൈനികരാണ് വീരമൃത്യു വരിച്ചത് . ആസ്ഥാനത്ത് നിന്ന് ബൽനോയ് ഖോര മേഖലയിലേയ്ക്ക് പോകുകയായിരുന്നു സൈനികർ.18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്. അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്നും “ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാം” എന്നും പ്രതിരോധ വക്താവ് പറഞ്ഞു. സംഭവത്തിന് പിന്നിൽ തീവ്രവാദആക്രമണവുമായി ബന്ധപ്പെട്ട സാദ്ധ്യതകൾ ഇല്ലെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി.
സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പോലീസിൻ്റെയും ക്വിക്ക് ആക്ഷൻ ടീമുകൾ സ്ഥലത്തുണ്ട്.