ന്യൂഡൽഹി: ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി അഭിനേതാക്കളും ഡോക്ടർമാരും, കായികതാരങ്ങളും . ഡെറാഡൂണിൽ 38-ാമത് ദേശീയ ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് രാജ്യത്ത് അമിതവണ്ണത്തിൻ്റെ പ്രശ്നങ്ങളെ പറ്റിയും, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യതകളെ പറ്റിയും മോദി പരാമർശിച്ചത്.
ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കവെ, ആരോഗ്യസംരക്ഷണത്തിനായും മോദി ആഹ്വാനം ചെയ്തു . വ്യായാമത്തിൻ്റെയും ഭക്ഷണക്രമത്തിൻ്റെയും പ്രാധാന്യത്തെ പറ്റിയും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തെ പ്രശംസിച്ച് നടൻ അക്ഷയ് കുമാറാണ് ആദ്യം രംഗത്തെത്തിയത് .
‘ വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്. പ്രധാനമന്ത്രി മോദി തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആരോഗ്യമുണ്ടെങ്കിൽ എല്ലാം ലഭിക്കും. അമിതവണ്ണം നിയന്ത്രിക്കാൻ നല്ല ഭക്ഷണം കഴിക്കുക മാത്രമല്ല വേണ്ടത്ര ഉറങ്ങുകയും വേണം. നല്ല വായുവും വെളിച്ചവും ഉറപ്പാക്കുക. സംസ്കരിച്ച ഭക്ഷണം കഴിക്കരുത്, എണ്ണയുടെ അംശം കുറഞ്ഞ ഭക്ഷണം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക ‘ അക്ഷയ് കുമാർ പറയുന്നു.
സമീകൃതാഹാരം, വ്യായാമം, ആരോഗ്യം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മോദി ആരംഭിച്ച കാമ്പയിൻ പ്രശംസനീയമാണെന്ന് ബോക്സർ വിജേന്ദർ സിംഗ് പറഞ്ഞു.‘ ഇത് പലർക്കും, പ്രത്യേകിച്ച് പ്രമേഹമോ അമിതവണ്ണമോ ഉള്ളവർക്ക് വളരെ പ്രയോജനകരമാണ്. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും വ്യായാമത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നതിലൂടെ ആളുകൾക്ക് അവരുടെ ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാകും. ഇത് അങ്ങേയറ്റം പ്രശംസനീയമാണ്. പ്രധാനമന്ത്രിയുടെ ഈ പ്രചാരണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അദ്ദേഹം ശരിയായ ദിശയിൽ ചുവടുവെച്ചിരിക്കുന്നു‘ – വിജേന്ദർ സിംഗ് പറഞ്ഞു.