ന്യൂഡൽഹി : രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ തീരുമാനം . പത്ത് രൂപയുടെയും , 20 രൂപയുടെയും നോട്ടുകൾ 100 കോടി വീതം പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് നിർദ്ദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതു സംബന്ധിച്ച് ആർബിഐ കേന്ദ്രത്തിന് അയച്ച നിർദേശം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കടലാസ് നോട്ടുകൾക്കൊപ്പം പ്ലാസ്റ്റിക് നോട്ടുകളും വിതരണത്തിനെത്തിക്കാനാണ് ലക്ഷ്യമിടുന്നത് . പേപ്പർ കറൻസി പൂർണ്ണമായും ഒഴിവാക്കാൻ നടപടിയില്ല. 3,000 കോടി രൂപയുടെ നോട്ടുകളാണ് ഇത്തരത്തിൽ വിപണിയിലെത്തിക്കുക.
1988 ൽ ഓസ്ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്. ഇപ്പോൾ 50 ലധികം രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. കടലാസ് നോട്ടുകളേക്കാൾ ആയുസ് പ്ലാസ്റ്റിക് നോട്ടുകൾക്കാണെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.

