ന്യൂഡൽഹി : എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത സമിതിക്ക് വിടാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ . നേരത്തെ, രാജ്യസഭാ ബിസിനസ് ഉപദേശക സമിതി യോഗത്തിൽ, കോൺഗ്രസും തൃണമൂൽ കോൺഗ്രസും എഫ്സിആർഎ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹം, എഫ്സിആർഎ ബില്ലിനെ തുടർച്ചയായി എതിർക്കുകയാണ്. എഫ്സിആർഎ ബില്ലിനെ എതിർത്ത് തമിഴ്നാട് നിയമസഭ ഇന്ന് പ്രമേയവും പാസാക്കി.
ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടാണ് തമിഴ്നാട് പ്രമേയം പാസാക്കിയത് . ന്യൂനപക്ഷങ്ങൾ നടത്തുന്ന ചാരിറ്റബിൾ സംഘടനകളുടെ, പ്രത്യേകിച്ച് വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഈ ഭേദഗതി ബാധിക്കുമെന്ന് പ്രമേയത്തിൽ പറയുന്നു. ചർച്ചയ്ക്ക് ശേഷം, പ്രമേയം ശബ്ദവോട്ടോടെ പാസാക്കി.
അതേസമയം, മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ, വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ബില്ലിനെതിരെ അണിനിരന്നു. പ്രെസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യ, ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് മിസോറാം (ബിസിഎം) എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന പള്ളികളുടെ കൂട്ടായ്മയായ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ മിസോറാമിന്റെ (സിസിഎം) ആഹ്വാനപ്രകാരമാണ് റാലി സംഘടിപ്പിച്ചത്.
അതേസമയം, എഫ്സിആർഎയിലെ നിർദ്ദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി . നിയമത്തിലെ മാറ്റങ്ങൾ പള്ളികളെയും ക്രിസ്ത്യൻ ചാരിറ്റബിൾ സംഘടനകളെയും ബാധിക്കുമെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമ പരിപാടികളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികൾ സമഗ്രമായ പരിശോധനയ്ക്കായി പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നും, റിയോ പറഞ്ഞു. ഈ വർഷം ജൂണിലാണ് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള എഫ് സി ആർ എ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് .
ഈ വർഷം മാർച്ച് 25 ന് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു. പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന വർഷകാല സമ്മേളനത്തിൽ ഇത് ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളം കാരണം, കാര്യമായ നിയമനിർമ്മാണ പ്രവർത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

