തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ . തിരുവനന്തപുരത്തെ മന്നം ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഎസ്എസിനെ നിലവിൽ ചില “പരാദജീവികൾ” നിയന്ത്രിക്കുന്നുണ്ടെന്നും സംഘടനയ്ക്കുള്ളിലെ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും ഗണേഷ് കുമാർ ആരോപിച്ചു.എൻഎസ്എസ് സ്ഥാപകൻ മന്നത്തു പത്മനാഭൻ ഒരിക്കൽ വഹിച്ചിരുന്ന കസേരയിൽ ഇരിക്കുന്നവർ ആ സ്ഥാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
“ശുനകന് സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കാൻ കഴിയുമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്. നിങ്ങൾ ഇരിക്കുന്ന സ്ഥാനം നിങ്ങൾ ഓർമ്മിക്കണം . എൻഎസ്എസിലെ ഏറ്റവും വലിയ അഴിമതിയാണ് സ്വജനപക്ഷപാതം . സംഘടനയിലെ ഒരാൾ സ്വന്തം കുടുംബത്തിലെ 43 അംഗങ്ങൾക്ക് ജോലി നേടിക്കൊടുത്തു . ഒരു ഐടി പാർക്ക് തുടങ്ങി സമുദായത്തിലെ യുവതീയുവാക്കൾക്ക് ജോലി കൊടുക്കാൻ എൻഎസ്എസ് ശ്രമിച്ചില്ല. പകരം ചായക്കട തുടങ്ങിക്കോളാനാണ് പറഞ്ഞത്. തിരുവനന്തപുരത്തെ പ്രമുഖ നായർ നേതാക്കന്മാരൊക്കെ ഇപ്പോൾ ചായക്കട നടത്തുകയാണ്.
മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണ്. എന്നാൽ ഇത്തരം ഇത്തിൾക്കണ്ണികൾക്കുവേണ്ടി നായർ സമുദായാംഗങ്ങൾ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്റെ മന്നത്ത് ആചാര്യനും സഹിക്കാൻ കഴിയാത്ത കാര്യമാണ്.“ ഗണേഷ് കുമാർ പറഞ്ഞു.

