ന്യൂഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ വിധി ഒക്ടോബറിൽ വരുമെന്ന് സൂചന . ബോധ് ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇത് സംബന്ധിച്ച് സൂചന നൽകിയത് . ശബരിമല വിധിക്ക് ശേഷം ബോധ് ഗയ കേസ് പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, തീയതി ഒക്ടോബറിൽ ആയിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നൽകി. ബോധ് ഗയ കേസ് ഒക്ടോബർ 6 ന് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജി അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കുകയായിരുന്നു. പുനഃപരിശോധനാ ഹർജികളിൽ അഞ്ചംഗ ബെഞ്ച് വീണ്ടും വാദം കേൾക്കുകയും ഒമ്പതംഗ ബെഞ്ച് റഫറൻസിൽ നൽകിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപിക്കുകയും ചെയ്യും.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു . 17 പേജുള്ള സത്യവാങ്മൂലത്തിൽ ഏഴ് ഭരണഘടനാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുണ്ട്. ശബരിമലയിലെ ആചാരങ്ങൾ സംബന്ധിച്ച് കോടതിയുടെ സൂക്ഷ്മപരിശോധന ആവശ്യമാണെങ്കിൽ, പണ്ഡിതന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അത് ചെയ്യാവൂ എന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . നിലവിലുള്ള ആചാരങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ ശരിയായ പഠനവും ചർച്ചയും ആവശ്യമാണെന്നും സർക്കാർ പറയുന്നു.

