ടെഹ്റാൻ ; സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ (SNSC) സെക്രട്ടറിയായി ഇറാൻ മുൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മൊഹ്സെൻ റെസായിയെ നിയമിച്ചു. ഇറാനിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന 71 കാരനായ റെസായി, അമേരിക്കയോടുള്ള ആക്രമണാത്മക നിലപാടുകൾക്ക് പേരുകേട്ടയാളാണ്. യുഎസുമായുള്ള അഞ്ച് മാസത്തിലേറെ നീണ്ട സംഘർഷത്തിന് ശേഷമാണ് രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിലെ പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മുഹമ്മദ് ബഖർ സോൾഖാദറിന് പകരമാണ് റെസായി നിയമിതനായത്. പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനാണ് എസ്എൻഎസ്സിയുടെ തലവൻ. ഇറാന്റെ ദേശീയ സുരക്ഷയും വിദേശനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്. രാജ്യത്തെ ഉന്നത രാഷ്ട്രീയ, സൈനിക, ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നു.
മാർച്ചിൽ മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനായ അലി ലാരിജാനിയുടെ കൊലപാതകത്തെത്തുടർന്ന് എസ്എൻഎസ്സിയെ നയിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് റെസായി. പരമോന്നനേതാവ് മൊജ്തബ ഖമേനിയാണ് റെസായിയെ കൗൺസിലിലെ തന്റെ പ്രതിനിധിയായി നിയമിച്ചത്. റെസായിയുടെ സൈനിക പരിചയവും ഇറാൻ-ഇറാഖ് യുദ്ധത്തിലെ അദ്ദേഹത്തിന്റെ പങ്കുമാണ് ഖമേനി പരിഗണിച്ചത്. 1980-1988 ലെ ഇറാൻ-ഇറാഖ് യുദ്ധം ഉൾപ്പെടെ ഏകദേശം 16 വർഷത്തോളം ഇറാൻ സേനയെ നയിച്ച വ്യക്തിയാണ് റെസായി.

