റാഞ്ചി : ജാർഖണ്ഡിലെ സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ അഴിമതികൾക്കെതിരായ പ്രതിഷേധം തുടരും. മൂന്നാം ഘട്ട ചർച്ചകളും പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ശക്തമാകുന്നത് . വിധാൻസഭ മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപി ജാർഖണ്ഡ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, നിരാഹാര സമരം നടത്തിയിരുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര മഹാതോയെ സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നിയമസഭാ മാർച്ച് നടത്തിയ പ്രതിഷേധക്കാരെ തടയാൻ പോലീസ് ബാരിക്കേഡുകളും, അതിനു മുകളിൽ മുള്ളുവേലിയും സ്ഥാപിച്ചു, ലാത്തിചാർജ് നടത്തി, ജലപീരങ്കികൾ ഉപയോഗിച്ചു, കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. ഇതിനിടെ നിരവധി, വിദ്യാർത്ഥികൾക്ക് പരിക്കേറ്റെങ്കിലും പിന്മാറാൻ തയ്യാറായില്ല.
നിയമസഭാ പരിസരത്ത് പ്രവേശിച്ച വിദ്യാർത്ഥികളോട് പോലീസ് മടങ്ങി പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികൾ മടങ്ങാൻ തയ്യാറായില്ല. വിധാൻ ഭവന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം അവർ കുത്തിയിരിപ്പ് സമരം നടത്തി. മുഖ്യമന്ത്രി ഹേമന്ത് സോറൻ വന്ന് വിദ്യാർത്ഥികളോട് സംസാരിച്ചാൽ മാത്രമേ തങ്ങൾ പോകൂ എന്നായിരുന്നു വിദ്യാർത്ഥി നേതാക്കൾ പറഞ്ഞത് .
തുടർന്ന് വിദ്യാർത്ഥികളെ ബലമായി പിടിച്ചുകൊണ്ടുപോകാൻ പോലീസ് ശ്രമിച്ചു. വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ ലാത്തി ചാർജ് നടത്തി. പോലീസിന്റെ ഈ സമീപനം വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടുതൽ വർദ്ധിപ്പിച്ചു. ഹേമന്ത് സോറൻ സർക്കാർ ബലപ്രയോഗത്തിലൂടെ വിദ്യാർത്ഥികളുടെ ശബ്ദങ്ങൾ അടിച്ചമർത്താൻ ആഗ്രഹിക്കുന്നുവെന്ന് യുവാക്കൾ പറഞ്ഞു, എന്നാൽ തങ്ങൾക്ക് ഭയമില്ല. സ്വന്തം അവകാശങ്ങൾക്കായി പോരാടുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.

