ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ അദ്ദേഹത്തെ അപ്പോളോ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംവിധായകൻ ഭാരതി രാജയുടെ വിയോഗത്തിന് പിന്നാലെയുള്ള ഭാഗ്യരാജിന്റെ മരണം തമിഴ് സിനിമാ ലോകത്തെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.
നടിയായിരുന്ന പൂർണിമ ഭാഗ്യരാജാണ് ഭാര്യ . മകൻ ശാന്തനു ഭാഗ്യരാജ്, മകൾ ശരണ്യ ഭാഗ്യരാജ് എന്നിവർ അഭിനേതാക്കളാണ്. സമീപ കാലത്തും അദ്ദേഹം വളരെ സിനിമയിൽ സജീവമായിരുന്നു . ഇന്നലെ ഗോവയിൽ നടി ഖുഷ്ബു സുന്ദറിന്റെ മകളുടെ വിവാഹത്തിലും ഭാഗ്യരാജ് പങ്കെടുത്തിരുന്നു . മുന്താണൈ മുടിച്ച്, അന്ത 7 നാട്കൾ, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
1953 ജനുവരി 7 ന് ഗോപിചെട്ടിപാളയത്തിനടുത്താണ് ഭാഗ്യരാജ് ജനിച്ചത്. 1977 ൽ 16 വയതിനിലേയിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷം സംവിധായകനായി. അഞ്ച് പതിറ്റാണ്ടുകളിൽ, നിർമ്മാണം, തിരക്കഥാരചന, ഗാനരചന, അഭിനയം തുടങ്ങി സിനിമയുടെ പല മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാഗ്യരാജിന്റെ പല സിനിമകളും തെലുങ്കിലും ഹിന്ദിയിലും പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. നിരവധി നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഭാഗ്യരാജ് അവസാനമായി അഭിനയിച്ചത് ധനുഷിന്റെ 2025 ൽ പുറത്തിറങ്ങിയ കുബേരയിലാണ്. 2026 ജനുവരിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അത് സ്വപ്നമായി അവശേഷിപ്പിച്ചാണ് ഈ വേർപാട്.

