ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു . ജന്ദർമന്ദറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് രാജി . കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സമരക്കാരുടെ പ്രതിനിധികൾ ഉന്നയിച്ച ആവശ്യവും പ്രധാന്റെ രാജി ആയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. സമരക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചകൾക്ക് മണിക്കൂറുകൾക്ക് മുൻപാണ് അദ്ദേഹം എക്സ് പോസ്റ്റിൽ രാജി പ്രഖ്യാപിച്ചത്. “ഈ രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളോടും, വികാരങ്ങളോടും, ന്യായമായ പ്രതീക്ഷകളോടും എനിക്ക് ആഴമായ ബഹുമാനമുണ്ട്. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ ധാർമ്മിക ദൃഢനിശ്ചയമാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.” എന്നാണ് ധർമ്മേന്ദ്ര പ്രധാന്റെ കുറിപ്പ്.
ഒരു മാസത്തിലേറെയായി ഡൽഹിയിലെ ജന്തർ മന്തറിൽ തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു പ്രധാന്റെ രാജി. ഇത് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ചർച്ചകൾ നടന്നിരുന്നു . ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കാൻ സർക്കാർ വിസമ്മതിച്ചാൽ ചർച്ചകൾ ഉണ്ടാകില്ലെന്ന് ഇന്ന് സമരക്കാർ പറഞ്ഞിരുന്നു.
പ്രധാന്റെ രാജിയോടെ, പ്രതിഷേധക്കാർ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സർക്കാർ പാലിച്ചു . പ്രതിഷേധക്കാർക്കെതിരെ നിയമനടപടികൾ ഉണ്ടാകരുത് , നീറ്റ് പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം എന്നിവയായിരുന്നു മറ്റ് രണ്ട് ആവശ്യങ്ങൾ .കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ മറ്റ് രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം ഉറപ്പ് നൽകിയിരുന്നെങ്കിലും രാജി ആവശ്യത്തിൽ മൗനം പാലിച്ചിരുന്നു.

