ന്യൂഡൽഹി: ലോകപ്രശസ്തയായ ബഹിരാകാശയാത്രിക സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) 286 ദിവസം ചെലവഴിച്ച സുനിതയുടെ 27 വർഷത്തെ കരിയറിനാണ് ഇപ്പോൾ വിരാമമായത് . ഇത് സുനിതയുടെ കരിയറിൽ മൂന്ന് ബഹിരാകാശ ദൗത്യങ്ങളും 608 ദിവസത്തെ ബഹിരാകാശ വാസവും ഉൾപ്പെടുന്നു. സുനിതയുടെ വിരമിക്കൽ ചൊവ്വാഴ്ചയാണ് നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഭാവി പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്നതിൽ സുനിത പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു. “വരാനിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തിനായി ഞാൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്ത തലമുറയ്ക്ക് ദീപശിഖ കൈമാറേണ്ട സമയമാണിത്. പുതിയ ആശയങ്ങളുമായി നിരവധി യുവാക്കൾ അണിനിരക്കുന്നു.” എന്നാണ് തന്റെ ദൗത്യത്തെ പറ്റി സുനിത വില്യംസ് പറയുന്നത്.
1998-ൽ സുനിത വില്യംസ് നാസയിൽ ചേർന്നത് . 2024 ജൂണിലായിരുന്നു സുനിത വില്യംസിന്റെ അവസാന ബഹിരാകാശ യാത്ര. പത്ത് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ബഹിരാകാശ യാത്ര സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം നീണ്ടുനിന്നു. സുനിത 2025 മാർച്ചിലാണ് ഭൂമിയിലേക്ക് മടങ്ങിയത് . ഭൂമിയുടെ ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച രണ്ടാമത്തെ നാസ ബഹിരാകാശയാത്രികയാണ് സുനിത. അമേരിക്കൻ ബഹിരാകാശയാത്രികൻ ഒറ്റയ്ക്ക് ബഹിരാകാശയാത്ര നടത്തിയവരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സുനിത.
ബഹിരാകാശത്ത് മാരത്തൺ ഓടുന്ന ആദ്യ വ്യക്തി എന്ന ബഹുമതി സുനിതയ്ക്കുണ്ട്. മസാച്യുസെറ്റ്സിലെ നീധാമിൽ സ്ഥിരതാമസമാക്കിയ സുനിത വില്യംസ്, യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഫ്ലോറിഡയിലെ മെൽബണിലുള്ള ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഎസ് നേവിയിൽ ക്യാപ്റ്റനായും സുനിത സേവനമനുഷ്ഠിച്ചിട്ടുണ്ട്.
40 വ്യത്യസ്ത വിമാനങ്ങളിലായി 4,000 മണിക്കൂറിലധികം അവർ പറന്നിട്ടുണ്ട്. സുനിതയുടെ പിതാവ് ഡോ. ദീപക് പാണ്ഡ്യ, 1950 കളുടെ അവസാനത്തിൽ ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ പ്രശസ്ത ന്യൂറോഅനാട്ടമിസ്റ്റായിരുന്നു. സുനിത യുഎസിൽ ജനിച്ചു വളർന്നെങ്കിലും, ഇന്ത്യയുമായി ആഴത്തിലുള്ള വൈകാരിക ബന്ധം അവർ എപ്പോഴും നിലനിർത്തിയിട്ടുണ്ട്. തന്റെ മാതൃരാജ്യത്തോടുള്ള ആരാധന പ്രകടിപ്പിക്കാനുള്ള അവസരം സുനിത ഒരിക്കലും നഷ്ടപ്പെടുത്താറില്ല.

