ന്യൂഡൽഹി ; ഛത്തീസ്ഗഡിൽ 30 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട എട്ട് നക്സലൈറ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. നാരായൺപൂർ ജില്ലയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള നക്സലൈറ്റുകൾ കീഴടങ്ങിയത്.
നിരോധിത മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങളായ സുഖ്ലാൽ ജുറി, ഹുറ എന്ന ഹിമാൻഷു മിഡിയം, രാജു പൊടിയം എന്ന സുനിൽ പൊടിയം, മണിറാം കൊറം, സുക്കു ഫർസ എന്ന നാഗേഷ്, രാമു റാം പോയം, കമല ഗോട്ട, ദീപ പൂനെം എന്നിവരാണ് കീഴടങ്ങിയത് . സംസ്ഥാന സർക്കാരിന്റെ പുതിയ കീഴടങ്ങൽ, പുനരധിവാസ നയത്തിലും തങ്ങൾ ആകൃഷ്ടരാണെന്ന് ഇവർ പറഞ്ഞു.
സുഖ്ലാൽ ഡിവിഷണൽ കമ്മിറ്റി അംഗമായും “മാവോയിസ്റ്റ് ഡോക്ടർ” എന്ന നിലയിലും സജീവമായിരുന്നു. ഹിമാൻഷു മിഡിയം “കമ്പനി നമ്പർ 1 പിപിസിഎമ്മിൽ” ഉൾപ്പെട്ടിരുന്നയാളായിരുന്നു . ഇരുവരുടെയും തലയ്ക്ക് 8 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു . സുനിൽ പൊടിയം ഏരിയ കമ്മിറ്റി അംഗവും (എസിഎം) ലോക്കൽ ഓർഗനൈസേഷൻ സ്ക്വാഡിന്റെ ഡെപ്യൂട്ടി കമാൻഡറുമായിരുന്നു. സുക്കു കമ്പനി നമ്പർ 1 ലെ അംഗമായിരുന്നു. രാമു റാം പോയം ബ്യൂറോ സപ്ലൈ ടീമിലെ അംഗമായിരുന്നു.
കീഴടങ്ങിയ എല്ലാ നക്സലൈറ്റുകൾക്കും 50,000 രൂപ വീതം സഹായം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ നയമനുസരിച്ച് അവരെ പുനരധിവസിപ്പിക്കുമെന്നും സുരക്ഷാസേന പറഞ്ഞു. ഈ വർഷം ഇതുവരെ 148 നക്സലൈറ്റുകൾ നാരായൺപൂർ ജില്ലയിൽ കീഴടങ്ങി . 2026 മാർച്ചോടെ രാജ്യത്തെ നക്സലിസത്തിൽ നിന്ന് മുക്തമാക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

