ന്യൂഡൽഹി : വിദേശമണ്ണിൽ വച്ച് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ‘ഉയർന്ന ജാതി’ സമൂഹത്തിന് മാത്രം അനുകൂലമായി രൂപകൽപ്പന ചെയ്തതാണെന്നാണ് രാഹുലിന്റെ ആരോപണം . ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കരണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പെറുവിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ ഈ കുറ്റപ്പെടുത്തൽ . “ഇന്ത്യയിൽ സാമൂഹിക വ്യവസ്ഥയിൽ ആധിപത്യം പുലർത്തുന്ന ഉയർന്ന ജാതിക്കാരുണ്ട്, തുടർന്ന് മധ്യ ജാതികളും താഴ്ന്ന ജാതികളുമുണ്ട്. രണ്ടാമത്തേത് ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു.ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 90% മധ്യ ജാതിക്കാരും താഴ്ന്ന ജാതിക്കാരുമാണ്. അവരുടെ ചരിത്രം, പാരമ്പര്യം, ചിന്താ സമ്പ്രദായം എന്നിവ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിസ്ഥാനപരമായി സമൂഹത്തിലെ ഉന്നതരുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. അതിനാൽ നമ്മുടെ ആദിവാസികൾ, ഗോത്രവർഗക്കാർ, മധ്യവർഗക്കാർ, താഴ്ന്ന ജാതിക്കാർ എന്നിവരുടെ ചരിത്രം, പാരമ്പര്യങ്ങൾ എന്നിവ ആ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ശാസ്ത്രീയ മനോഭാവം നശിപ്പിക്കപ്പെട്ടതിനാലും ശാസ്ത്രീയ മനോഭാവത്തിൽ വിശ്വസിക്കാത്ത നിലവിലെ സർക്കാർ അതിനെ നശിപ്പിച്ചതിനാലും കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.
സർക്കാർ വിദ്യാഭ്യാസത്തിൽ നിന്ന് പിന്മാറുകയും സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കുകയും ചെയ്തു. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇടമുണ്ടെങ്കിലും, എല്ലാവർക്കും ഉയർന്ന നിലവാരമുള്ളതും കുറഞ്ഞ ചെലവിലുള്ളതുമായ വിദ്യാഭ്യാസം സർക്കാർ ഉറപ്പാക്കണം. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനുപകരം വിദ്യാഭ്യാസത്തിൽ കൂടുതൽ സജീവമായി നിക്ഷേപിക്കണം
സ്വതന്ത്ര ചിന്ത, തുറന്നതും ശാസ്ത്രീയവും യുക്തിസഹവുമായിരിക്കുക എന്ന ആശയം നിലവിൽ ഇന്ത്യയിൽ വലിയ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അതാണ് നമ്മൾ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്നത് “ എന്നും രാഹുൽ പറഞ്ഞു. മാത്രമല്ല പെറു, യുഎസ് പോലുള്ള രാജ്യങ്ങളുമായി സഹകരണം ഉണ്ടാക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം രാഹുലിന്റെ വിദേശസന്ദർശനത്തിന് രഹസ്യസ്വഭാവമുണ്ടെന്ന് ബിജെപി ആരോപിച്ചു. “പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി സെപ്റ്റംബർ 26 ന് ദക്ഷിണ അമേരിക്കയിലേക്ക് പോയി. ഇപ്പോൾ 15 ദിവസത്തിലേറെയായി, അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ചില വീഡിയോകൾ പോസ്റ്റ് ചെയ്യുന്നു . എന്നത് ഒഴികെ, പൂർണ്ണ നിശബ്ദത പാലിക്കുന്നു,” ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.

