ന്യൂഡൽഹി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 3.72 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൈനീസ് പൗരൻ ഷൂ ഫി ഉൾപ്പെടെയുള്ള പ്രതികളുടെ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. ബാങ്ക് ബാലൻസ്, സ്ഥിരനിക്ഷേപങ്ങൾ, ഫ്ലാറ്റ് എന്നിവ കണ്ടുകെട്ടിയവയിൽ പെടുന്നു.
ഇതേ കേസിൽ കഴിഞ്ഞ ജൂൺ മാസത്തിൽ 13.51 കോടിയുടെ വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടെ ആകെ 17.23 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയിരിക്കുന്നത്.
ഐപിസി 1860, ഫോറിനേഴ്സ് ആക്ട് 1946, ഐടി ആക്ട് 2000 എന്നിവ പ്രകാരം ഉത്തർ പ്രദേശ് എസ്ടിഎഫ്, എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിലെ മുഖ്യപ്രതികളായ ചൈനീസ് പൗരൻ ഷൂ ഫി, രവി നട്വർലാൽ എന്നിവർ എൻസിആർ മേഖലയിലെ ഹോട്ടലുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് അനധികൃതമായി രാജ്യത്ത് കടന്ന ചൈനീസ് പൗരന്മാരെ ഉപയോഗിച്ച് തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കുറ്റവാളികൾ സംഘം ചേർന്ന് ഈ ഹോട്ടലുകളിൽ ചൂതാട്ടം, വേശ്യാവൃത്തി എന്നിവയ്ക്ക് കളമൊരുക്കി. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉപയോഗിച്ചു. ഡമ്മി ഡയറക്ടർമാരെ നിയമിച്ച് ഇവർ നിരവധി കടലാസ് കമ്പനികൾ ആരംഭിച്ചു. തുടർന്ന് ഇവർ വിവിധ ലോൺ ആപ്പുകളിലൂടെ വമ്പൻ തട്ടിപ്പിന് പദ്ധതിയിട്ടു. റുപീ പ്ലസ്, ലക്കി വാലറ്റ്, ഫ്ലാഷ് പൈസ, പൈസ കരോ, ഹൈ പൈസ, രാധാ മണി എന്നീ ആപ്പുകൾ കടലാസ് കമ്പനികൾക്ക് കീഴിൽ പ്രവർത്തിച്ചു.
ഈ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് വായ്പകൾ വാഗ്ദാനം ചെയ്ത ശേഷം കൂറ്റൻ പലിശ നിരക്കുകൾ ഈടാക്കി. ഇ എം ഐ അടയ്ക്കാൻ വൈകുകയോ മുടക്കം വരുത്തുകയോ ചെയ്യുന്നവരെ, ലോൺ റിക്കവറിയുടെ പേരിൽ അവരവരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി.
പൊതുജനങ്ങളെയും ഉപഭോക്താക്കളെയും ഒരേ പോലെ വഞ്ചിച്ച പ്രതികൾ, ഇത്തരത്തിൽ സ്വരൂപിച്ച വൻ തുകകൾ ചൈനീസ് കാർട്ടലുകൾ വഴി വിദേശത്തേക്ക് കടത്തിയെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ഈ കമ്പനികളുമായി ബന്ധമുള്ള ഇലക്ട്രോണിക് വേസ്റ്റ് സമാഹരണ കമ്പനികൾ, മൊബൈൽ നിർമ്മാണ കമ്പനികൾ, ഗാഡ്ജെറ്റ് നിർമ്മാണ കമ്പനികൾ എന്നിവയും ഇഡിയുടെ റഡാറിലാണ്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും ചൈനീസ് ആപ്പുകൾ വഴി ഇവർ വിവരശേഖരണം നടത്തിയതുൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.