പൂനെ : ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നവർക്ക് മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം . പൂനെയിലെ വാഗോളിയിലാണ് സംഭവം. ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത് . മരിച്ചവരിൽ രണ്ട് കുട്ടികൾ ഉൾപ്പെടുന്നുണ്ട്.ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു.
അമരാവതി സ്വദേശികളായ വിശാൽ വിനോദ് പവാർ (22), വൈഭവ് റിതേഷ് പവാർ (2), സഹോദരി വൈഭവി റിതേഷ് പവാർ (1) എന്നിവരാണ് മരിച്ചത് . ജാനകി ദിനേശ് പവാർ (21), റിനിഷ വിനോദ് പവാർ (18), റോഷൻ ഭോസാലെ (9), നാഗേഷ് നിവൃത്തി പവാർ (27), ദർശൻ സഞ്ജയ് വൈരാൽ (18), അലീഷ വിനോദ് പവാർ (47) എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ 1 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡ് ഡിവൈഡർ മുറിച്ചുകടക്കുകയും വാഗോളിയിലെ കെസ്നന്ദ് ഫാട്ട ചൗക്കിലെ ഫുട്പാത്തിന് സമീപം ഉറങ്ങുകയായിരുന്ന ആളുകളുടെ മേൽ ഇടിക്കുകയുമായിരുന്നു .വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സാസൂൺ ആശുപത്രിയിലേക്ക് മാറ്റി.
ട്രക്ക് ഡ്രൈവർ ഗജാനൻ ശങ്കർ ടോത്രേയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, 281, 125 (എ), 125 (ബി) എന്നിവ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ കുറ്റവും ചുമത്തിയിട്ടുണ്ട്. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്നും മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.