ഭുവനേശ്വർ : ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ . ഒഡിഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ഐലൻഡിലാണ് പരീക്ഷണം നടത്തിയത്. 1,500 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള മിസൈലിന് വിവിധയിനം പേലോഡുകൾ വഹിക്കാനാകും.
മണിക്കൂറിൽ 6,200 കിലോമീറ്റർ അഥവാ 3,850 മൈൽ ദൂരത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അതു്കൊണ്ട് തന്നെ മിസൈൽ പ്രതിരോധസംവിധാനങ്ങൾക്ക് ഇവയെ തടയാനാകില്ല.
അതേസമയം ഡി ആർ ഡി ഒയ്ക്ക് ആശംസയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. രാജ്യത്തിന്റെ നേട്ടങ്ങൾക്കിടയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു .
നിർണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യകളുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.