ചെന്നൈ : നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യം രൂപീകരിക്കും . ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനെ നേരിട്ട് കണ്ട് സഖ്യത്തിൽ ചേരുമെൻ അറിയിച്ചു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഡിഎംഡികെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്ന പാർട്ടിയുമായി ചേർന്ന് മത്സരിച്ചിരുന്നു. എന്നാൽ ഡിഎംകെയുമായി കൈകോർക്കുന്നത് ഇതാദ്യമാണ്. ഡിഎംഡികെ “മതേതര പുരോഗമന സഖ്യത്തിൽ” ചേർന്നതിൽ വളരെ സന്തോഷമുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രേമലതയെ സഹോദരിയെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, ഈ സഖ്യം തമിഴ്നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന നൽകുമെന്നും പറഞ്ഞു.
സഖ്യത്തെ സ്വാഗതം ചെയ്ത് സ്റ്റാലിൻ എക്സിൽ പങ്കു വച്ച് പോസ്റ്റിൽ, “മുത്തമിഴ് അരിഗ്നാർ നേതാവ് കലൈഞ്ജറിനോട് അചഞ്ചലമായ സ്നേഹം പുലർത്തിയിരുന്ന, എന്റെ പ്രിയ സുഹൃത്തായിരുന്ന ‘ക്യാപ്റ്റൻ’ വിജയകാന്ത് സ്ഥാപിച്ച ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) ഇന്ന് മതേതര പുരോഗമന സഖ്യത്തിൽ ചേർന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു! സഹോദരൻ ക്യാപ്റ്റൻ സ്ഥാപിച്ച പ്രസ്ഥാനത്തെ ഇപ്പോൾ സമർത്ഥമായി നയിക്കുന്ന കഴിവുള്ള ജനറൽ സെക്രട്ടറിയും എന്റെ പ്രിയപ്പെട്ട സഹോദരിയുമായ ശ്രീമതി പ്രേമലത വിജയകാന്ത് @PremallataDmdk യെയും എല്ലാ പാർട്ടി പ്രവർത്തകരെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു,” സ്റ്റാലിൻ വ്യക്തമാക്കി.
നിങ്ങളുടെ വരവും ഈ സൗഹാർദ്ദബന്ധവും തമിഴ്നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും തുടർന്നും സംഭാവന ചെയ്യട്ടെ!” എന്നും സ്റ്റാലിൻ പറഞ്ഞു

