ബെംഗളൂരു ; കർണാടകയിലെ അധികാരത്തർക്കം വാർത്തയാകുമ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട്ടിൽ വിരുന്നിനെത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ . പ്രഭാതഭക്ഷണത്തിനിടെ ഇരുവരും സുപ്രധാന ചർച്ചകൾ നടത്തി. സംഭാഷണത്തിനിടെ, പാർട്ടി ആവശ്യപ്പെടുന്ന ഏത് നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞാലുടൻ ഡി.കെ. ശിവകുമാർ ഡൽഹിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷാവസ്ഥയ്ക്കിടയിൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഫോണിൽ വിളിച്ച് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട് . സോഷ്യൽ മീഡിയയിൽ പരസ്പരം അഭിപ്രായം പറയുന്നത് കോൺഗ്രസ് പാരമ്പര്യമല്ലെന്നും ഡൽഹിയിലേക്ക് വരുന്നതിനുമുമ്പ് അവർ തങ്ങളുടെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും രമ്യമായി പരിഹരിക്കണമെന്നും വേണുഗോപാൽ പറഞ്ഞതായാണ് സൂചന.
ഇരു നേതാക്കളെയും ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നും ഹൈക്കമാൻഡിന്റെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും വേണുഗോപാൽ സൂചിപ്പിച്ചു. പാർട്ടി ഐക്യമാണ് പരമപ്രധാനമെന്നും അന്തിമ തീരുമാനം കോൺഗ്രസ് നേതൃത്വമായിരിക്കും എടുക്കേണ്ടതെന്നും വേണുഗോപാൽ പറഞ്ഞതായാണ് കർണാടക മാധ്യമങ്ങളുടെ റിപ്പോർട്ട്.
കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സംഭവത്തെ പറ്റി പ്രതികരിച്ചു. “ചിലർ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു, ചിലർ സിദ്ധരാമയ്യയുടെ തുടർച്ചയെ പിന്തുണയ്ക്കുന്നു, ചിലർ എന്നെ ആ സ്ഥാനത്ത് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നു. പൊതുജനങ്ങളുടെ പ്രതീക്ഷകളെ അടിച്ചമർത്താൻ കഴിയില്ല. മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ച തിരഞ്ഞെടുപ്പിന് ശേഷമോ അല്ലെങ്കിൽ കാലാവധി കഴിഞ്ഞോ ആകട്ടെ, ആളുകൾ അവരുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കുന്നു. അതിൽ തെറ്റൊന്നുമില്ല. ഹൈക്കമാൻഡ് ഈ വിഷയങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അന്തിമ പരിഹാരം കണ്ടെത്തും,” അദ്ദേഹം പറഞ്ഞു.

