ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16 ന് നടത്താണ് യെമൻ സർക്കാരിന്റെ തീരുമാനം . എന്നാൽ ഇപ്പോൾ വിഷയത്തിൽ കേന്ദ്രസർക്കാർ ഉന്നതതല ഇടപെടൽ നടത്താൻ ഒരുങ്ങുകയാണ്. ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
നിമിഷ പ്രിയയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അവരുടെ മോചനത്തിനുള്ള ശ്രമങ്ങൾക്ക് ഒരാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാൽ, ബ്ലഡ് മണി കൈമാറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സങ്കീർണ്ണമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ സനയിലെ ജയിലിലാണ്. 2017 ജൂലൈയിൽ തലാൽ അബ്ദുൾ മഹ്ദിയെ കൊലപ്പെടുത്തിയതിനാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷാ ഇളവ് നൽകണമെന്ന അവരുടെ അപേക്ഷ വിചാരണ കോടതി നിരസിച്ചിരുന്നു. നവംബറിൽ യെമൻ സുപ്രീം കോടതിയും അപ്പീൽ നിരസിച്ചു.മരിച്ച യെമൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകി വധശിക്ഷ ഒഴിവാക്കാനും മാപ്പ് സ്വീകരിക്കാനും മനുഷ്യാവകാശ പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ യെമനിലെ ഗോത്ര കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. മകളുടെ ജീവൻ രക്ഷിക്കാൻ അവരുടെ അമ്മ പ്രേമ കുമാരി മാസങ്ങളായി യെമനിലാണ്.
തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച നിമിഷ പ്രിയ 2012 ൽ നഴ്സായി യെമനിലേക്ക് പോയി. തലാൽ അബ്ദുൾ മഹ്ദിയെ കണ്ടുമുട്ടിയ ശേഷം ഇരുവരും പങ്കാളികളായി ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചു. അതിനായി അവർ തങ്ങളുടെ സമ്പാദ്യം മുഴുവൻ കൈമാറി. കൂടുതൽ പണം സമ്പാദിക്കാൻ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ നിമിഷ പ്രിയ ഒറ്റയ്ക്ക് യെമനിൽ തിരിച്ചെത്തി.
നിമിഷ പ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. മതപരമായ ആചാരങ്ങൾക്കനുസൃതമായി വിവാഹം നടത്തി. നിമിഷപ്രിയയുടെ പാസ്പോർട്ട് മോഷ്ടിച്ചു, സ്വർണ്ണം വിറ്റു. പരാതി നൽകിയ നിമിഷ പ്രിയയെ ക്രൂരമായി മർദ്ദിച്ചു. തന്റെ ജീവൻ അപകടത്തിലായ ഒരു ഘട്ടത്തിൽ മഹ്ദിയെ പ്രതിരോധിച്ചപ്പോഴാണ് മഹ്ദി മരിച്ചതെന്നാണ് നിമിഷ പ്രിയയുടെ പ്രസ്താവന.

