ഹൈദരാബാദ് ; പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ദിൽഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് മകൻ പരിക്കുകളോടെ ചികിത്സയിലാണ്.
റിലീസിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. സിനിമ കണ്ട് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ഷോ കാണാൻ അല്ലു അർജുൻ ഉൾപ്പടെയുള്ള തിയേറ്ററിൽ താരങ്ങൾ എത്തിയിരുന്നു.ഇവരെ പുറത്തിറക്കാനായി ശ്രമിക്കുന്നതിനിടെ ആരാധകർ ഇരച്ചെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് രേവതി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ വന്നവർ രേവതിയുടെ പുറത്തേക്ക് വീണതോടെ സ്ഥിതി ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അതിനിടെ സിനിമ കാണാനെത്തിയ കുട്ടി കുഴഞ്ഞുവീണു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.