ന്യൂഡൽഹി : ലേയിലെ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കണമെന്ന് സിപിഎം .ക്രൂരമായ ദേശീയ സുരക്ഷാ നിയമപ്രകാരം സോനത്തെ തടങ്കലിൽ വച്ചത് തെറ്റാണെന്നും, കേന്ദ്ര സർക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവത്തെയും ലഡാക്ക് ജനങ്ങളുടെ യഥാർത്ഥ അഭിലാഷങ്ങളോടുള്ള അവഹേളനത്തെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ലഡാക്കിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനുപകരം, അവിടത്തെ ജനാധിപത്യ പ്രസ്ഥാനത്തെ അടിച്ചമർത്താൻ സർക്കാർ അടിച്ചമർത്തൽ നടപടികളിലേക്ക് നീങ്ങുകയാണ്. ഇത് ലഡാക്ക് ജനതയുടെ മൗലികാവകാശങ്ങൾക്കും ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കും നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇത്തരം നടപടികൾ ലഡാക്ക് ഉൾപ്പെടെയുള്ള ജമ്മു-കാശ്മീരിലെ ജനങ്ങളുടെ അകൽച്ച വർദ്ധിപ്പിക്കുകയേ ഉള്ളൂ.
സോനം വാങ്ചുകിനെ ഉടൻ മോചിപ്പിക്കണമെന്നും, ജനങ്ങളുടെ മേൽ ചുമത്തിയിരിക്കുന്ന എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും, പ്രസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കണമെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.

