ഗാസിയാബാദ് : പ്രാദേശിക കോൺഗ്രസ് വനിതാ നേതാവിന്റെ അശ്ലീല ചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് . ലോണി നിവാസിയായ സലിം ഇദ്രിസി എന്നയാൾക്കെതിരെയാണ് ഗാസിയാബാദിലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
2000 ലെ ഇൻഫർമേഷൻ ടെക്നോളജി (ഭേദഗതി) നിയമത്തിലെ സെക്ഷൻ 67 പ്രകാരമാണ് ഗാസിയാബാദ് നഗർ കോട്വാലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ മുൻ ജില്ലാതല ഭാരവാഹിയായ സോണാൽ നാഗർ, ഒക്ടോബർ 25 ന് സംഘടിപ്പിച്ച യോഗത്തിനിടെയാണ് , കോൺഗ്രസ് നേതാക്കളായ സലിം ഇദ്രിസിയും അജയ് ശർമ്മയും മുന്ന ബാബുവും ചേർന്ന് തന്റെ മോർഫ് ചെയ്ത ഫോട്ടോ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതായി ആരോപിച്ചത്.
തന്റെ ഫോട്ടോയിൽ കൃത്രിമത്വം വരുത്താൻ AI ആപ്ലിക്കേഷൻ ഉപയോഗിക്കുകയും വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അത് ആക്ഷേപകരമായ രീതിയിൽ പങ്കുവെക്കുകയും ചെയ്തുവെന്ന് സോണാൽ തന്റെ രേഖാമൂലമുള്ള പരാതിയിൽ പറഞ്ഞു. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശസ്തിയെ അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം ഈ പ്രവൃത്തി ചെയ്തതാണെന്നും ഇത് തനിക്ക് കടുത്ത മാനസിക ക്ലേശവും സാമൂഹിക അപമാനവും ഉണ്ടാക്കിയെന്നും അവർ പരാതിയിൽ പറഞ്ഞു.സംഭവം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിൽ രോഷം ജനിപ്പിച്ചിട്ടുണ്ട്.

