ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരെ കോൺഗ്രസിൽ വിമർശനം ഉയരുന്നു. മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും, യുഎസ് ഇടപെടൽ മൂലം അന്ന് യുപിഎ സർക്കാർ അതിന് തയ്യാറായില്ലെന്നുമുള്ള ചിദംബരത്തിന്റെ വെളിപ്പെടുത്തലാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത് .
ഈ അവകാശവാദം കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണിതെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു. “അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം പ്രവർത്തിച്ചു എന്നാണോ ഇതിനർത്ഥം? അത്തരമൊരു പ്രസ്താവന ബിജെപിക്ക് മാത്രമേ ഗുണം ചെയ്യൂ” എന്ന് ആൽവി പറഞ്ഞു.
‘ 16 വർഷത്തിന് ശേഷം ഇപ്പോൾ ചിദംബരം എന്തിനാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്? അന്ന് അദ്ദേഹം വിയോജിച്ചിരുന്നെങ്കിൽ അദ്ദേഹം രാജിവയ്ക്കണമായിരുന്നു. പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന നിരവധി പേർ കോൺഗ്രസിനുള്ളിൽ ഉണ്ട്. ഇത് വീടിന് തീയിടുന്ന വിളക്ക് പോലെയാണ്.‘ എന്നും റാഷിദ് ആൽവി പറഞ്ഞു.
2008 ൽ മുംബൈ ആക്രമണം നടന്നപ്പോൾ കോൺഗ്രസ് നേതാവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. ആക്രമണത്തിന് ശേഷം യുഎസ് സമ്മർദ്ദം കാരണം ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെന്ന് ചിദംബരം അവകാശപ്പെട്ടിരുന്നു. അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് തന്നെയും പ്രധാനമന്ത്രിയെയും കാണാൻ ഇന്ത്യ സന്ദർശിച്ചതായും സാഹചര്യത്തോട് പ്രതികരിക്കരുതെന്ന് തങ്ങളോട് അഭ്യർത്ഥിച്ചതായും ചിദംബരം വെളിപ്പെടുത്തി.
പ്രതികാരം ചെയ്യാനുള്ള ചിന്ത തന്റെ മനസ്സിൽ കടന്നുവന്നിരുന്നുവെന്നും എന്നാൽ സർക്കാർ സൈനിക നടപടി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായും ചിദംബരം പറഞ്ഞു. ഒരു വാർത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു ചിദംബരം ഇക്കാര്യം പറഞ്ഞത്. “യുദ്ധം ആരംഭിക്കരുതെന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് വന്നു.” എന്നാണ് ചിദംബരം ഇതിനെ കുറിച്ച് പറഞ്ഞത്.അതേസമയം ചിദംബരത്തിന്റെ ഈ കുറ്റസമ്മതം, വളരെ വൈകിയാണെന്ന് ബിജെപി പറയുന്നു.

