ബംഗലൂരു: ധർമ്മസ്ഥലയിലെ ക്ഷേത്ര പരിസരത്ത് നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ച് മൂടേണ്ടി വന്നിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജ വെളിപ്പെടുത്തൽ നടത്തിയ ഇയാളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സി എൻ ചിന്നയ്യ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
വെളിപ്പെടുത്തൽ വ്യാജമാണെന്ന് തെളിഞ്ഞതോടെ, ചിന്നയ്യക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൂടാതെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. മകളെ കാണാനില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് ഇവരുടെ പുതിയ വെളിപ്പെടുത്തൽ. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും അവർ വ്യക്തമാക്കി.
മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന് അവകാശപ്പെട്ട് ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് അന്വേഷണ സംഘത്തെക്കൊണ്ട് ചിന്നയ്യ കുഴിപ്പിച്ചത്. ഇവിടങ്ങളിൽ നിന്ന് യാതൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

