രുദ്രപ്രയാഗ് : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ മേഘവിസ്ഫോടനം . നിരവധി കുടുംബങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രുദ്രപ്രയാഗ് ജില്ലയിലെ തഹസിൽ ബസുകേദാർ പ്രദേശത്തിന് കീഴിലുള്ള ബഡെത്ത് ദുൻഗർ ടോക്കിലും ചമോലി ജില്ലയിലെ ദേവാൽ പ്രദേശത്തും മേഘവിസ്ഫോടനം മൂലം ചില കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് . പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ചമോലി ജില്ലയിലെ ദേവാലിലെ മൊപാട്ട പ്രദേശത്ത് താരാ സിംഗും ഭാര്യയും ഉൾപ്പെടെ രണ്ട് പേരെ കാണാതായി. വിക്രം സിംഗ് , ഭാര്യ എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അവരുടെ പശുത്തൊഴുത്തും തകർന്നു. ഏകദേശം 20 ഓളം മൃഗങ്ങൾ മണ്ണിനടിയിലായതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിലും നാശനഷ്ടങ്ങളുണ്ടായി . തരാളി മാർക്കറ്റ് ഏരിയയും തരാളി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ (എസ്ഡിഎം) ഔദ്യോഗിക വസതി, കടകൾ, വാഹനങ്ങൾ എന്നിവയുൾപ്പെടെ നിരവധി താമസസ്ഥലങ്ങളും അതിനടിയിൽ കുടുങ്ങി.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇപ്പോഴും സജീവമാണ് . പ്രത്യേകിച്ച് ചമ്പ ജില്ലയിൽ, ഈ ആഴ്ച ആദ്യം മണിമഹേഷ് യാത്രയ്ക്ക് പോയ 7,000 തീർത്ഥാടകർ കുടുങ്ങി.ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും തുടർച്ചയായ മഴയിൽ മേഘവിസ്ഫോടനങ്ങളും, മണ്ണിടിച്ചിലുകളും ഉണ്ടായി.കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ജമ്മു മേഖലയിലെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് 30 വരെ അടച്ചിടാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു.

